ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കർണാടക രത്‌ന’ പുരസ്‌കാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പരമോന്നത ബഹുമതിയാണിത്. പുരസ്‌കാരം നേടുന്ന പത്താമത്തെ വ്യക്തിയാണ് പുനീത് രാജ്കുമാർ. കഴിഞ്ഞ ഒക്ടോബർ 26ന് ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് രാജ്കുമാർ മരിക്കുന്നത്. 46 വയസ്സ് മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നു.

പുനീതിന്റെ അനുസ്മരണാർത്ഥം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ‘പുനീത നമന’ എന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം നൽകിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുനീതിന് ദേശീയ പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹമുണ്ടെന്നും, സർക്കാർ ഇതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു. പുനീതിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നൽകണമെന്ന് ആരാധകർ ആവശ്യം ഉയർത്തിയിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ബി.എസ്.യെദ്യൂരപ്പ, സിദ്ധരാമയ്യ, കാബിനറ്റ് മന്ത്രിമാർ, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ, രാഷ്‌ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. പുനീതിന് കർണാടക രത്‌ന നൽകിയ തീരുമാനത്തെ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിച്ചാണ് സദസ്സിലുള്ളവർ സ്വീകരിച്ചത്.

പുനീതിന്റെ പിതാവും കന്നഡ സൂപ്പർതാരവുമായിരുന്ന ഡോ.രാജ്കുമാറിനാണ് കർണാടക രത്‌ന പുരസ്‌കാരം ആദ്യമായി ലഭിച്ചത്. 1992ലായിരുന്നു ഇത്. എഴുത്തുകാരനായ കൂവെമ്പിനൊപ്പമാണ് രാജ്കുമാർ അന്ന് പുരസ്‌കാരം പങ്കിട്ടത്. 2009ൽ ഡോ.വീരേന്ദ്ര ഹെഗ്‌ഡേയ്‌ക്കാണ് ഈ പുരസ്‌കാരം അവസാനമായി ലഭിച്ചിട്ടുള്ളത്. സാമൂഹ്യ സേവനത്തിനായിരുന്നു പുരസ്‌കാരം. എസ്.നിജലിംഗപ്പ (രാഷ്‌ട്രീയം), സിഎൻആർ റാവു (സയൻസ്), ഡോ.ദേവി പ്രസാദ് ഷെട്ടി (ആരോഗ്യം), ഭീംസെൻ ജോഷി (സംഗീതം), ശിവകുമാര സ്വാമിജി (സാമൂഹിക സേവനം), ഡോ.ജെ.ജവരെഗൗഡ (വിദ്യാഭ്യാസം) എന്നിവരാണ് പുരസ്‌കാരം സ്വന്തമാക്കിയ മറ്റ് പ്രമുഖർ.

LEAVE A REPLY

Please enter your comment!
Please enter your name here