ആദ്യഘട്ട പ്രവർത്തനം വിലയിരുത്തിയതിനു ശേഷമായിരിക്കും തുടർ പ്രവർത്തനം: കളക്ടർ
കടുങ്ങല്ലൂർ പഞ്ചായത്തിൽ കെട്ടിട അവശിഷ്ടങ്ങൾ പുനരുപയോഗം നടത്തുന്ന സംസ്കരണ പ്ലാന്റിനാണ് മുൻതൂക്കം നൽകുന്നതെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് . സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാന്റാണ് ജില്ലയിൽ പ്രവർത്തനം തുടങ്ങാൻ ലക്ഷ്യമിടുന്നത്. കെട്ടിട അവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിലവിൽ മറ്റ് മാർഗങ്ങളില്ല. ഓരോ ദിവസവും ഇത്തരത്തിലുള്ള മാലിന്യങ്ങൾ കൂടുകയാണ്. അവശിഷ്ടങ്ങൾ കൊണ്ട് ഭൂമി നികത്തുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു പ്ലാന്റ് അനിവാര്യമാണെന്നും കളക്ടർ വ്യക്തമാക്കി.
കടുങ്ങല്ലൂർ പഞ്ചായത്തിലെ നിയുക്ത പ്ലാന്റുമായി ബന്ധപ്പെട്ട് സീക്വീൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. കടുങ്ങല്ലൂർ പഞ്ചായത്തിലെ 18ാം വാർഡിലെ രണ്ടേക്കർ ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുക. കെട്ടിട അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യം, മാർക്കറ്റുകളിൽ നിന്നുള്ള മൃഗ അവശിഷ്ടങ്ങൾ എന്നിവ സംസ്കരിക്കുന്നതിനായിട്ടുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തത്. എന്നാൽ ആദ്യ ഘട്ടത്തിൽ കെട്ടിട അവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനുള്ള പദ്ധതിയായിരിക്കും നടപ്പിലാക്കുക.
തികച്ചും അത്യാധുനിക സജ്ജീകണങ്ങളോടു കൂടിയ പ്രവർത്തനരീതിയാണ് പ്ലാന്റിൽ സ്വീകരിക്കുന്നത്. കെട്ടിട അവശിഷ്ടങ്ങൾ പൊടിച്ചതിനു ശേഷം ബ്ലോക്കുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഏറ്റവും സുരക്ഷിതമായിട്ടായിരിക്കും മാലിന്യം പ്ലാന്റിലേക്കെത്തിക്കുക.
റോഡിൽ വിരിക്കുന്ന കട്ടകളായും മറ്റും നമുക്കിതിനെ പുനരുപയോഗിക്കാൻ കഴിയും. അന്തരീക്ഷ , ജല മലിനീകരണ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. പ്ലാന്റിന്റെ പ്രവർത്തനം നിരീക്ഷിച്ച ശേഷമായിരിക്കും തുടർന്നുള്ള പ്രവർത്തന അനുമതി നൽകുക. ഏതെങ്കിലും തരത്തിലുള്ള മലിനീകരണമോ ജനജീവിതം ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങളോ നടന്നാൽ പ്ലാന്റിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടികളും സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
പ്ലാന്റിനെതിരെയുള്ള പ്രതിഷേധം വസ്തുതകൾ മനസിലാക്കാതെയാണ്. വിദേശ രാജ്യങ്ങളിൽ പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. കാര്യങ്ങൾ വിശദീകരിക്കാൻ ജനപ്രതിനിധികളുമായി ചർച്ചക്കു തയാറാണെന്നും കളക്ടർ അറിയിച്ചു.
എടയാർ മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്ന വ്യവസായ യൂണിറ്റുകളിലെ മാലിന്യ സംസ്കരണം കൃത്യമായി നടപ്പിലാക്കാനും മലിനീകരണം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും കളക്ടർ നിർദ്ദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡിനായിരിക്കും ചുമതല. ദുർഗന്ധമുള്ള വായു പുറംതള്ളുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
ദുർഗന്ധം അളക്കുന്ന തിനുള്ള മാപിനി സ്ഥാപിച്ച് അളവിൽ കൂടുതൽ ദുർഗന്ധമുള്ള പുകകൾ പുറത്തു വിടുന്ന സ്ഥാപനങ്ങൾക്കെതിരെയായിരിക്കും നടപടി. പുഴയിലേക്ക് മാലിന്യം തള്ളുന്ന വർക്കെതിരെയും നടപടിയുണ്ടാകും. വ്യവസായ മേഖലയിൽ അന്തരീക്ഷ , ജല മലിനീകരണം ഒരു തരത്തിലും അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.
തുടർന്ന് കളക്ടർ പദ്ധതി പ്രദേശം സന്ദർശിച്ചു.വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു.പി.എബ്രഹാം, സീക്വീൻ എൻവയോൺമെന്റൽ സൊലൂഷൻസ് ഡയറക്ടർ ജോർജ് മറ്റം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here