ഹൈക്കോടതി

കൊച്ചി:രാജ്യത്തെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതിയെന്ന വിശേഷണം ഇനി കേരള ഹെക്കോടതിയ്‌ക്ക് സ്വന്തം.ഇതിനായി ചീഫ് ജസ്റ്റിസിന്റേത് അടക്കം ആറ് കോടതികളിൽ സ്മാർട്ട് കോടതിമുറിയൊരുക്കി.സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സ്മാർട്ട് കോടതിമുറികൾ ഉദ്ഘാടനം ചെയ്യ്തു.

ഹൈക്കോടതിയിലെ ഇ ഫയലിംഗ് സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിൽ ബന്ധിപ്പിച്ചു കൊണ്ടിരിക്കകയാണ്.കേരളം രാജ്യത്തിന് മറ്റു പല കാര്യങ്ങളിലും മാതൃകയായത് പോലെ സർക്കാർ സംവിധാനങ്ങൾ ഇ ഓഫീസിലേക്ക് മാറുന്നതിലും മാതൃകയാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പേപ്പർ എഴുത്തുകളും ജനങ്ങൾ സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്നതും കുറയ്‌ക്കാനുള്ള ശ്രമം നടക്കുന്നു.ജയിലുകളും കോടതികളും വീഡിയോ കോൺഫറൻസിലുടെ ബന്ധിപ്പിച്ചത് കോടതി നടപടികൾ വേഗത്തിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.കടലാസ് രഹിത കോടതികൾ പോലുള്ള സംവിധാനങ്ങൾ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പേപ്പർ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ-ഫയലിഗ് നിലവിൽ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയിൽ നേരിട്ട് ഹർജികൾ സമർപ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോടതിയിലേക്കെത്തുന്ന അഭിഭാഷകർക്ക് ഇനി വലിയ ഫയൽക്കെട്ടുകൾ കൈയ്യിൽ കരുതേണ്ടി വരില്ല.ഹർജിയടക്കം ഫയൽ ചെയ്ത രേഖകളെല്ലാം ഇനി കോടതിമുറിയിൽ അഭിഭാഷകന്റെ മുന്നിലെ കമ്പ്യൂട്ടറിൽ തെളിയും.ജഡ്ജിയുടെ മുമ്പിലും ഇത് ലഭിക്കും. ടച്ച് സ്‌ക്രീനിൽ നിന്ന് ഏത് രേഖയും പരിശോധിച്ച് വാദിക്കാം. ഓൺലൈൻ വഴി ഹാജരാകുന്ന അഭിഭാഷകർക്ക് അതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോടതിയിൽ നേരിട്ടെത്തിയും വീഡിയോ കോൺഫ്രൻസ് വഴിയും വാദം പറയാൻ സാധിക്കുന്ന വെർച്വൽ ഹിയറിങ്ങ് വിത്ത് ഹൈബ്രിഡ് ഫെസിലിറ്റിയാണ് ഒരുക്കിയിരിക്കുന്നത്.മൈക്കും സ്പീക്കറും ഓൺലൈനുമായും ബന്ധിപ്പിക്കും. കേസുകൾ ഫയൽ ചെയ്യുന്നതും പരിശോധന പൂർത്തിയാക്കുന്നതും ജഡ്ജിമാർ ഉത്തരവിടുന്നതും ഇ മോഡ് വഴിയാകും.ഉത്തരവുകൾ ജീവനക്കാർ എഴുതിയെടുക്കുന്നതിന് പകരം കമ്പ്യൂട്ടറിൽ സ്വയം രേഖപ്പെടുത്തുന്ന ക്രമീകരണമാണ് വരുത്തിയത്.

കോടതിക്കകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള ഡിസ്‌പ്ലേ വഴി പരിഗണിക്കുന്ന കേസ് ഏതെന്ന് തിരിച്ചറിയാനാകും.കേസുമായി ബന്ധപ്പട്ട എല്ലാവിവരങ്ങളും ലഭ്യമാക്കുന്ന കിയോസ്‌ക് എല്ലാ സ്മാർട്ട് കോടതികളിലും ഉണ്ടാകും. എല്ലായിടത്തും വൈ-ഫൈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സഹായത്തിനായി ഇ-സേവ കേന്ദ്രവുമുണ്ട്.

നേരത്തെ ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിക്കുന്നത് ഇ-ഫയലിങ്ങ് വഴിയാക്കിയിരുന്നു.ഇ ഫയലിങ്ങ് സംവിധാനം ഹൈക്കോടതിയിലെ ഇൻ ഹൗസ് ഐടി സംഘമാണ് വികസിപ്പിച്ചത്.ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഓൺലൈനായി കേസ് ഫയൽ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തീർപ്പായ കേസുകളുടെ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

20 ലക്ഷത്തോളം പേപ്പറുകൾ ആവശ്യമായി വേണ്ടി വരുന്ന 40,000 കേസുകളുടെ രേഖകൾ ഡിജിറ്റലൈസ് ചെയ്തു.നിലവിൽ തിരുവനന്തപുരം അഡീഷനൽ സിജെഎം ,എറണാകുളം കോലഞ്ചേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതികളാണ് കടലാസ് രഹിത കോടതികളായിട്ടുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here