കൊച്ചി: ആലുവ രാജഗിരി ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധർ ആസ്മ രോഗികളിൽ നടത്തിയ പഠനത്തിന് അന്താരാഷ്ട്ര പ്രശംസ. പൾമണറി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ ചേർന്നു രചിച്ച ഗവേഷണ പ്രബന്ധമാണ് അന്തർദേശീയ മെഡിക്കൽ ജേർണലുകളിൽ സ്ഥാനം പിടിച്ചത്. അതിതീവ്ര ആസ്മ ബാധിതരിൽ ഇൻഹേലറുകളും മറ്റ് മരുന്നുകളും ഫലം കാണാത്ത സാഹചര്യങ്ങളിൽ ഒമാലിസുമാബ്  ആന്റിബോഡി ചികിത്സ ഫലപ്രദമാകുന്നതായാണ് ഡോ. രാജേഷ് വി. യുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ഗവേഷണത്തിലൂടെ കണ്ടെത്തിയത്. പൾമണറി വിഭാഗം മേധാവി ഡോക്ടർ രാജേഷ് വി.യുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രബന്ധം ഡോ. ജ്യോത്സന അഗസ്റ്റിൻ, ഡോ. ദിവ്യ ആർ, ഡോ. മെൽസി ക്ലീറ്റസ് എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.
ആസ്മ രോഗികളിൽ സാധാരണ അവലംബിക്കുന്ന ചികിത്സകളെക്കാൾ വളരെയധികം ചിലവ് കൂടുതലാണെന്നതിനാൽ കേരളത്തിൽ പൊതുവെ ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സകൾ നടത്താറില്ല. ഈ ഗവേഷണ പ്രബന്ധം കേരളത്തിലെ ആസ്മ രോഗികളിൽ ആന്റിബോഡി ചികിത്സയുടെ ഫലപ്രാപ്തി നിർണ്ണയിക്കുന്ന ആദ്യ  പഠനവും ഭാരതത്തിലെ ആസ്മ രോഗികളിൽ  ആന്റിബോഡി  ചികിത്സയുടെ സ്വീകാര്യത  പ്രതിപാദിക്കുന്ന പ്രഥമ ലേഖനവുമാണ്.
ഗവേഷണപ്രബന്ധം വളരെ വേഗത്തിൽ ആഗോള ശ്രദ്ധ നേടിയതിനെ തുടർന്ന്‌ നിരവധി ദേശീയ അന്തർദേശീയ വേദികളിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ രാജഗിരി ആശുപത്രി പൾമണറി വിഭാഗം തലവനും സീനിയർ കൺസൽട്ടന്റുമായ ഡോ. രാജേഷ് വി. ക്ഷണിക്കപ്പെട്ടിരുന്നു. രോഗികൾക്കും ഡോക്ടർമാർക്കും ഒരുപോലെ ആത്മവിശ്വാസം പകരാൻ ഈ പഠനം സഹായകമാകുമെന്ന് ഡോ. മെൽസി ക്ലീറ്റസ്‌ അഭിപ്രായപ്പെട്ടു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെക്കുറിച്ച് രാജഗിരി ആശുപത്രിയുടെ പൾമണറി വിഭാഗം പ്രസിദ്ധീകരിച്ച പഠനങ്ങൾ ഇതിനു മുൻപും ആരോഗ്യമേഖലയിൽ ശ്രദ്ധ നേടിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here