ശബരിമല ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. രാവിലെ 10.30നും 11.30നും മദ്ധ്യേയായിരുന്നു ഭഗവാന്റെ തൃക്കൊടിയേറ്റ്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേൽ, പി എം തങ്കപ്പൻ, ദേവസ്വം കമ്മിഷണർ ബി എസ് പ്രകാശ് തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു.

പത്ത് ദിവസം നീളുന്ന ഉത്സവത്തിനാണ് കൊടിയേറിയത്. ഇന്ന് പ്രത്യേക പൂജകളില്ലാത്തതിനാൽ ബിംബ ശുദ്ധിക്രിയകൾക്ക് ശേഷം ഹരിവരാസനം പാടി നടയടയ്‌ക്കും. നാളെ ഉത്സവബലി നടക്കും. ഉത്സവനാളുകളിൽ ദിവസവും ഉച്ചയ്‌ക്ക് 12.30 മുതൽ 1.30 വരെ ഉത്സവബലി ദർശനം, രാത്രി 9ന് ശ്രീഭൂതബലി എന്നിവയുണ്ടാകും. 13 മുതൽ 17 വരെ രാത്രി ശ്രീഭൂതബലിയ്‌ക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പ്. 17ന് രാത്രിയാണ് ശരംകുത്തിയിലെ പള്ളിവേട്ട. 18ന് ഉച്ചയ്‌ക്ക് പമ്പയിലാണ് ഭഗവാന്റെ ആറാട്ട്. ഉത്സവവും മീനമാസ പൂജയും ഇക്കുറി ഒരുമിച്ചാണ് വരുന്നത്. മീനമാസ പൂജ 14 മുതൽ 19 വരെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here