ദിലീപ്

കൊച്ചി: ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. മുംബൈയിലെ ലാബിൽ ഫോണുകൾ സമർപ്പിച്ച് ഡാറ്റ നീക്കം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ഫോണിലെ വിവരങ്ങൾ നീക്കം ചെയ്യുന്നതിന് 75,000 രൂപ ലഭിച്ചതായി ലാബ് ജീവനക്കാരൻ മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നാല് ഫോണിനും പ്രതിഫലം ലഭിച്ചതായാണ് ലാബ് ജീവനക്കാരൻ സുഗീന്ദ്ര യാദവിന്റെ മൊഴി. ലാബിലെ കമ്പ്യൂട്ടറിൽ നിന്നുള്ള വിവരങ്ങളും നാലു ഫോണുകളുടെയും മിറർ ഇമേജും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

ആകെ നാല് ഫോണുകളാണ് മുംബൈയിലെ ലാബിൽ ദിലീപ് സമർപ്പിച്ചത്. ഇതിൽ രണ്ട് ഫോണുകൾ മാത്രമേ കോടതിയിൽ ഹാജരാക്കിയുള്ളൂ. മറ്റ് രണ്ട് ഫോണുകൾ ഇതുവരെ കിട്ടിയിട്ടില്ല. മുംബൈയിലുള്ള ലാബ് ദിലീപിന് പരിചയപ്പെടുത്തിയത് ഇൻകം ടാക്‌സ് അസി.കമ്മീഷണർ ആയിരുന്ന വിൻസന്റ് ചൊവ്വല്ലൂരാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ലാബിൽ മറ്റ് പല അനധികൃത ഇടപാടുകളും നടക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനിടെ പ്രൊഡക്ഷൻ മാനേജർ റോഷൻ ചിറ്റൂരിന്റെ പേരിലുള്ള സിം കാർഡ് ദിലീപ് ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻപിള്ള തള്ളി. കണ്ടെത്തലുകളിൽ ഒരു യാഥാർത്ഥ്യവുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതിനിടെ
വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് 17ലേക്ക് മാറ്റി. ദിലീപിന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here