കൊച്ചി: വിലകയറ്റം പിടിച്ചു നിറുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഡ്വ.ജെബി മേത്തര്‍ എം.പി. ആവശ്യപ്പെട്ടു. ഇന്ധന വില ഉയരുന്നത് മൂലം അവശ്യ സാധനങ്ങളുടെ വിലയും ഉയരുകയാണ്. ഇത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുകയാണെന്നും അവര്‍ പറഞ്ഞു. രാജ്യസഭാ എം.പി. ജെബി മേത്തര്‍ ഹിഷാമിന് ആലുവ മീഡിയ ക്ലബ്ബ് നല്‍കിയ സ്വീകരണത്തിന് ശേഷം നടന്ന ‘മീറ്റ് ദ പ്രസി’ല്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യസഭയില്‍ വിലകയറ്റം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അതിനുള്ള മാനസികാവസ്ഥ പോലും സര്‍ക്കാറിന് ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് എം.പി.യായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ദിവസം തന്നെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം നടത്തി.
മണ്ണെണ്ണയുടെ ഒറ്റയടിക്കാണ് കുതിച്ചുയര്‍ന്നത്. 21 രൂപയാണ് ഇങ്ങനെ വര്‍ദ്ധിച്ചത്. 51 ശതമാനം വില അധികം വരുന്ന സാഹചര്യമുണ്ടായി. അവസാന യു.പി.എ. സര്‍ക്കാറുമായി താരതമ്യപ്പെടുത്തിയാല്‍ 851 ശതമാനം വിലയാണ് വര്‍ദ്ധിച്ചത്.
രാജ്യത്തെ ഭരണഘടനക്ക് നേരെ വെല്ലുവിളി ഉയരുന്ന കാലഘട്ടമാണിത്. ഭരണഘടനയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് ലക്ഷ്യം. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി രാജ്യസഭയില്‍ സംസാരിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യത്തിനാണ് പ്രധാന്യം നല്‍കും. ഇതില്‍ ആലുവയ്ക്ക് മുന്‍ഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു. ആലുവ മീഡിയ ക്ലബ്ബ് ജെബി മേത്തര്‍ എം.പി.യെ ഉപഹാരം നല്‍കി ആദരിച്ചു. മീഡിയ ക്ലബ്ബ് പ്രസിഡന്റ് ജോസി.പി. ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി. സുബിന്‍, ട്രഷറര്‍ എസ്.എ. രാജന്‍ എന്നിവര്‍ സംസാരിച്ചു..

 

LEAVE A REPLY

Please enter your comment!
Please enter your name here