കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടുകാരെ ബന്ദിയാക്കി സ്വർണം തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ആലുവ ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടി ഉൾപ്പെടെയുള്ള 23 അംഗ പോലീസ് ടീമാണ് അന്വേഷണത്തിനുളളത്. എസ്.പി സംഭവം നടന്ന വീട്ടിൽ പരിശോധന നടത്തി.കവര്‍ച്ചക്ക് ശേഷം സംഘം സ്വകാര്യ ബസിലാണ് കടന്നതെന്ന് പൊലീസ് കണ്ടെത്തി.

നഗരത്തിലെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് കവര്‍ച്ചാ സംഘത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. നാലംഗ സംഘത്തിലെ മൂന്ന് പേർ ടെമ്പിൾ റോഡ് വഴി പഴയ ഫെഡറൽ ബാങ്ക് ഓഫീസിന് മുന്നിലെത്തി സ്വകാര്യ ബസിൽ കയറിയാണ് രക്ഷപെട്ടതെന്ന് പൊലീസ് കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന ഒരാൾ കവര്‍ച്ചക്ക് ശേഷം കൂട്ട് പിരിഞ്ഞുവെന്നും പൊലീസ് കണ്ടെത്തി. സംസ്ഥാനത്ത് നേരത്തെ സമാന രീതിയില്‍ നടന്ന തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവ സമയം പ്രദേശത്തുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കവര്‍ച്ചാസംഘത്തിലെ നാല് പേരും ഒന്നര മണിക്കൂറോളം സ്ഥലത്ത് ചെലവിട്ടതിനാൽ മൊബൈൽ സിഗ്നൽ വിവരങ്ങൾ കേസന്വേഷണത്തില്‍ നിർണായകമാകും. ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന സ്വർണ പണിക്കാരനായ സഞ്ജയിന്‍റെ വീട്ടില്‍ നിന്ന് ഞായറാഴ്ച്ച ഉച്ചയ്ക്കാണ് നാലംഗ സംഘം 37.5 പവൻ സ്വർണവും 1,80,000 രൂപയും കവർന്നത്. ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം വീട്ടിൽ പരിശോധന നടത്തിയാണ് സ്വർണവും പണവും കവര്‍ന്നത്. ഇവർ നൽകിയ മൊബൈൽ നമ്പറിൽ പിന്നീട് വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് സഞ്‍ജയ് തന്നെ അറിഞ്ഞത്.

ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സംഘം മൊബൈൽ ഫോണിലെ തിരിച്ചറിൽ കാ‍ർഡ് കാണിച്ചാണ് വീട്ടില്‍ കയറിപ്പറ്റിയത്. തുടർന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടിൽ പരിശോധന തുടങ്ങി. 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാൻ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തി. തുടർ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ എഴുതി നൽകി, സഞ്ജയിനെ കൊണ്ട് ഒപ്പും വച്ചിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി.

നാലംഗ സംഘം പോയതിന് ശേഷം ഇവർ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ തൃശൂർ അയ്യന്തോൾ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസ്സിലായ സഞ്ജയ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തട്ടിപ്പ് സംഘം മലയാളത്തിലാണ് സംസാരിച്ചത്. അനധികൃത വ്യാപാരം കണ്ടെത്താനുള്ള പരിശോധനയെന്നായിരുന്നു സംഘം വീട്ടുകാരെ വിശസ്വിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here