തിരുവനന്തപുരം: ആലുവ കൂട്ടക്കൊലകേസിലെ  പ്രതി ആൻ്റണിക്ക്  പരോൾ. പതിനെട്ട് വർഷത്തെ ജയിൽവാസത്തിനിടയിൽ ആദ്യമായി ആന്റണി സർക്കാരാണ്പരോൾ അനുവദിച്ചത്. പിന്നീട് നിരവധി തവണ ആന്റണി പരോൾ അപേക്ഷ നൽകിയിരുന്നെങ്കിലും സർക്കാർ പരിഗണിച്ചിരുന്നില്ല. കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലകേസിലെ ഏക പ്രതിയാണ് ആൻ്റണി. മണിക്കൂറുകളുടെ ഇടവേളകളിൽ ഒരു കുടുംബത്തയാകെ ഇല്ലാതാക്കിയ കേസിൽ 18 വർഷമായി  ജയിലിൽ കഴിയുന്ന ആന്റണിക്ക് ഒടുവിൽ 30 ദിവസത്തെ പരോൾ. വർഷങ്ങളായി ജയിലിൽ കഴിഞ്ഞിട്ടും പൊലീസ് റിപ്പോർട്ട് എതിരായതിനാൽ, പരോൾ കിട്ടാതെ പോയ 23 പേർക്ക് സർക്കാർ പരോൾ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.ഇതിനെ തുടർന്നാണ് ആന്റണിക്കും പരോൾ കിട്ടിയത്.

2001 ജൂൺ ആറിനാണ് കേരള മനസാക്ഷിയെ മരവിപ്പിച്ച ആലുവ കൂട്ടക്കൊലപാതകം നടന്നത്. ആലുവ നഗരഹൃയത്തിലെ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ മേരി, മക്കൾ ദിവ്യ, ജെസ്മോൻ, അഗസ്റ്റിന്റെ അമ്മ ക്ലാര, കൊച്ചുറാണി എന്നിവരെയാണ് ആന്റണി കൊലപ്പെടുത്തിയത്. കൊച്ചുറാണി പണം നൽകാമെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞതിലെ വൈരാഗ്യമായിരുന്നു കൂട്ടക്കൊലയിലേക്ക് നയിച്ചത്. കൊലയ്ക്ക് ശേഷം സൗദിയിലേക്ക് രക്ഷപ്പെട്ട ആന്റണിയെ കേരളത്തിലേക്ക് എത്തിച്ച് 2001 ജൂലൈ 18ന്  അറസ്റ്റ് രേഖപ്പെടുത്തി.  പിന്നീട് സിബിഐ ഏറ്റെടുത്ത കേസിൽ 2006ൽ ഹൈക്കോടതി ആന്റണിക്ക് തൂക്കുമരണം വിധിച്ചു. 2018ൽ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് അനുവദിക്കുകയായിരുന്നു. പരോൾ അനുവദിച്ചതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ സഹോദരനെത്തി ആന്റണിയെ കൂട്ടിക്കൊണ്ടുപോയി. പരോൾ വ്യവസ്ഥ അനുസരിച്ച് ജൂലൈ 17ന് ആൻ്റണി ജയിലിൽ തിരിച്ചെത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here