കൊച്ചി:ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ രണ്ടു പേർ കൂടി പിടിയിൽ. ഗോവ ബോഗ്‌മലോ ഭാഗത്ത് ചിക്കോൾനയിൽ എൻ.റ്റി.എസ് ഗേറ്റിന് സമീപം ഡേവിഡ് ഡയസ് (35), ഗോവ പനാജി വാസ്കോഡഗാമ ഖരിയേടാ ഭാഗത്ത് റമീ വാസ് (52) എന്നിവരെയാണ് ഗോവയിൽ നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവൻ സ്വദേശിയായ മാങ്കോർ ഹിൽ ഗുരുദ്വാര റോഡിൽ മൗലാലി ഹബീബുൽ ഷേഖ്, കണ്ണൂർ പടുവിലായി കൂത്തുപറമ്പ് പാലാ ബസാറിൽ കൊയിലോട് ജുമാ മസ്ജിദിന് സമീപം സജീറാ മൻസിൽ അബൂട്ടി എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി ഗോവയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ 5 ന് ആണ് സംഭവം. ഉച്ചക്ക് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്നും പറഞ്ഞ് അഞ്ച് പേർ എത്തിയത്. പരിശോധന നടത്തി വീട്ടിൽ നിന്ന് അമ്പതു പവനോളം സ്വർണ്ണവും , ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു. വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു. ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ.അനിൽകുമാർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം.മനോജ്, കെ.എം.സിയാദ്, ബെന്നി ഐസക്ക്, മുഹമ്മദ് അമീർ എന്നിവരും അന്വേഷണ ടീമിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here