സ്വര്‍ണക്കടത്ത് കേസ് ശരിയായ ദിശയിൽ നടക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഏതൊരാളാണെങ്കിലും നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.

ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് സാധിക്കില്ല. നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ നിയമവിധേയമായി മാത്രം പ്രവര്‍ത്തിക്കണം. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

അതിനിടെ ശ്രീലങ്കയുമായി ബന്ധപ്പെട്ട പ്രശ്‌നം വളരെ ഗുരുതരമായ വിഷയമാണെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവില്‍ ശ്രീലങ്കയില്‍നിന്ന് അഭയാര്‍ഥി പ്രവാഹം പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ കേരള-തമിഴ്‌നാട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. അയല്‍ക്കാരെ സഹായിക്കുന്ന നിലപാടാണ് മോദി സര്‍ക്കാരിന്റേത്. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കേണ്ടതാണ്. ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ലെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here