ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. അടിയന്തര സഹായമായി കുടുംബത്തിന് ഒരു ലക്ഷം രൂപയും നൽകാനാണ് തീരുമാനം. അവശേഷിക്കുന്ന തുക പിന്നീട് സർക്കാർ കുടുംബത്തിന് കെെമാറും. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടില്‍ തുക കൈമാറും.

സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോ​ഗം തീരുമാനിച്ചു. പ്രശസ്ത സിനിമാ സംവിധായകരായ കെ. ജി ജോർജ്ജ്, എം. മോഹന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ചികിത്സാ സഹായം അനുവദിക്കും.

2023-ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഇരുവശത്തും നിർമ്മാണത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചു.

മാലിന്യ സംസ്കരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് മാത്രമായി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുന്നതിന് ജില്ലാ കളക്ടർമാർക്കു അനുമതി നൽകും. കേരള സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കേരള സർക്കാർ നിയമിച്ച വിവിധ കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖകളുടെ സംഭരണം, വർഗ്ഗീകരണം, സംരക്ഷണം, ഭരണ നിർവ്വഹണം, നിയന്ത്രണം എന്നിവ നിർവ്വഹിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള കേരള സംസ്ഥാന പൊതുരേഖാ സംരക്ഷണ നിയന്ത്രണ ബില്‍ – 2023ന്‍റെ കരടിന് അംഗീകാരം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here