ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവിഅന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുഗ്മിണിദേവി അന്തർജനത്തിന്റെയും മകളായി കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണ് ജനിച്ചത്. 1949-ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്.

1995 മാർച്ച് 22-ന് ആണ് മണ്ണാറശാല ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്. ഏക മകൾ വത്സലാദേവി തിരുവനന്തപുരം ഇടയാവണത്തുമഠം ശശിശേഖരരു പണ്ടാരത്തിലിന്റെ പത്നിയാണ്. വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്ടോബർ 24- ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. അമ്മമാർ സമാധിയാൽ ക്ഷേത്രത്തിൽ മൂന്നുദിവസം പതിവ് പൂജകൾ ഉണ്ടായിരിക്കില്ല. സംസ്കാരച്ചടങ്ങുകൾ ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ അമ്മമാർക്ക് മാത്രമായുള്ള പ്രത്യേക സ്ഥാനത്തായിരിക്കും നടക്കുക.

മണ്ണാറശാല നാഗരാജാക്ഷേത്രത്തിലെ പൂജകർമ്മങ്ങൾ നടത്തുന്നത് സ്ത്രീകളാണ്. പൂജകർമ്മങ്ങൾ ചെയ്യുന്ന അന്തർജനത്തെ വലിയമ്മ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക. എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂയം നക്ഷത്രം, മകരത്തിലെ കറുത്ത വാവ് മുതൽ കുംഭത്തിലെ ശിവരാത്രി വരെ, കർക്കിടകം ഒന്ന് മുതൽ പന്ത്രണ്ട് വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി തുലാം മാസങ്ങളിലെ ആയില്യത്തിന് മുൻപുള്ള 12 ദിവസം എന്നിവയാണ് വലിയമ്മ നേരിട്ട് നടത്തുന്ന പൂജകൾ ക്ഷേത്രത്തിലെ സർപ്പബലി, ഇല്ലത്തും നിലവറയിലും അപ്പൂപ്പൻ കാവിലും നൂറും പാലും തുടങ്ങിയ ചടങ്ങുകളുടെ കാർമ്മികത്വവും വലിയമ്മയാണ് ചെയ്യുക. മണ്ണാറശാല ഇല്ലത്തിൽ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക.

LEAVE A REPLY

Please enter your comment!
Please enter your name here