ന്യൂഡൽഹി∙ കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി കണ്ടെത്തി. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ വിധി.  ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധി പറയുന്നത്. പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്താണ് ഹർജി.

കണ്ണൂർ സർവകലാശാലയുടെ നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞവരെ വിസിയായി നിയമിക്കാൻ കഴിയില്ല. ഇതു പുനർനിയമനത്തിനു ബാധകമാവില്ലെന്നാണു കേരളത്തിനു വേണ്ടി സീനിയർ അഭിഭാഷകനായ വേണുഗോപാൽ വാദിച്ചത്. 2 തവണയിൽ കൂടുതൽ നിയമനം പാടില്ലെന്നതു മാത്രമാണ് അയോഗ്യതയെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും പുനർനിയമനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രനു വേണ്ടി ബസവപ്രഭു പാട്ടീലും വാദിച്ചിരുന്നു. ‌

‌കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് പുനർനിയമനം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇവർക്കു വേണ്ടി ദാമ ശേഷാദ്രി നായിഡു, അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here