ആലുവ: മാദ്ധ്യമ പ്രവർത്തകനായിരുന്ന സുനീഷ് കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അഞ്ചാമത് പ്രാദേശിക മാദ്ധ്യമ പ്രവർത്തക അവാർഡിന് ‘മാതൃഭൂമി’ പറവൂർ ലേഖകൻ ടി.സി. പ്രേംകുമാർ അർഹനായി.

പുത്തൻവേലിക്കര താഴഞ്ചിറപ്പാടത്തെ വിദേശപക്ഷികളുടെ സാന്നിദ്ധ്യം ചൂണ്ടികാട്ടി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘താഴഞ്ചിറയിൽ താഴ്ന്നുപറന്ന് ദേശാടനക്കിളികൾ’ എന്ന വാർത്തയാണ് അവാർഡിന് അർഹമായത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി.എ. മെഹബൂബ് കൺവീനറും ഷാജി ഇടപ്പള്ളി, കെ.സി. സ്മിജൻ എന്നിവർ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പാടശേഖരങ്ങളിലെ ജൈവസമ്പത്താണ് വിദേശപക്ഷികളെ ആകർഷിക്കുന്നതെന്ന് പുതുതലമുറയെ കൂടി ബോധവത്കരിക്കുന്നതായിരുന്നു ലേഖനമെന്ന് ജഡ്ജിംഗ് കമ്മിറ്റി ചൂണ്ടികാട്ടി.

പറവൂർ ‘ചന്ദ്രകാന്തം’ വീട്ടിൽ ടി.സി. പ്രേംകുമാർ 35 വർഷമായി മാതൃഭൂമി ലേഖകനാണ്. ആദ്യ രണ്ട് വർഷം മൂത്തകുന്നം ലേഖനായിരുന്നു. പിന്നീട് പറവൂർ ലേഖകനുമായി. 1991ൽ തൃശൂർ സഹൃദയവേദി ഏർപ്പെടുത്തിയ മികച്ച പ്രാദേശിക ലേഖകനുള്ള ‘വി.എസ്. കേരളീയൻ സംസ്ഥാന തല മാദ്ധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് പ്രാദേശിക ലേഖകർക്കു നൽകുന്ന ഏക പുരസ്ക്കാരമായിരുന്നു. ജില്ലാ വോളീബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പ്രഥമ പുരസ്കാരം, മാല്യങ്കര എസ്.എൻ.എം കോളേജ് സുവർണ്ണ ജൂബിലി പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള ജേർണലിസ്റ്റ്സ് യൂണിയൻ അംഗമാണ്. പറവൂർ പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ടി.കെ. ബിനിത (അദ്ധ്യാപിക, പറവൂർ എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂൾ). മകൾ: ലക്ഷ്മി (മെക്കൻസി ഗ്ലോബൽ സർവ്വീസസ് ചെന്നൈ).
ഫെബ്രുവരി 26ന് പറവൂരിൽ നടക്കുന്ന സുനീഷ് കോട്ടപ്പുറം അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here