റേഷന്‍ പോര്‍ട്ടബിലിറ്റിയും കോംബോയും തുടരണമെന്ന് റേഷന്‍ കാര്‍ഡുടമകള്‍

0
24

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ റേഷന്‍ കടയില്‍ നിന്നും കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള അരി വാങ്ങാന്‍ അനുമതി നല്‍കിയ കോംബോ സംവിധാനവും, സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന പോര്‍ട്ടബിറ്റിയും തുടരണമെന്ന് റേഷന്‍ കാര്‍ഡ് ഉടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യാ റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പച്ചരി-കുത്തരി-പുഴുക്കലരി എന്നിവയില്‍ ഏതുവേണമെങ്കിലും കാര്‍ഡുടമയുടെ ഇഷ്ടത്തിനനുസരിച്ച് വാങ്ങാന്‍ കഴിയുന്നതാണ് കോംബോ ഓഫര്‍. ഈ മാസം മൂന്നു മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്റ്റോക്കനുസരിച്ച് ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കും.
റേഷന്‍ കടയില്‍ പോകുമ്പോള്‍ നാലില്‍ അധികം സഞ്ചിയുമായി പോകേണ്ട ഗതികേട് ചൂണ്ടിക്കാട്ടി കാര്‍ഡുടമാ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോംബോ ഓഫര്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഒന്നര മാസത്തെ സ്റ്റോക്ക് ഓരോ റേഷന്‍ കടയിലും ഉള്ളതിനാല്‍ ഏത് അരിയും കൊടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു കടയില്‍ ഇഷ്ടമുള്ള അരി സ്റ്റോക്കില്ലെങ്കില്‍ അടുത്ത കടയില്‍ നിന്നും വാങ്ങാന്‍ പോര്‍ട്ടബിലിറ്റി സംവിധാനവും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പൊതുവിഭാഗത്തിലുള്ള വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് നല്‍കി വരുന്ന ഭക്ഷ്യധാന്യ വിഹിതം 6 കിലോഗ്രാം ആയി വര്‍ദ്ധിപ്പിക്കാനും, രണ്ടുകിലോ ആട്ടക്കുപകരം ഇനി മുതല്‍ മൂന്നു കിലോഗ്രാം ആക്കി നല്‍കാനും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഉത്തരവിട്ടുണ്ട്. ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം വീതം പഞ്ചാസാര നല്‍കാനും, മഞ്ഞ നിറത്തിലുള്ള അന്ത്യോദയ കാര്‍ഡിന് എല്ലാ മാസവും റേഷന്‍ കടകളിലൂടെ പഞ്ചസാര നല്‍കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
റേഷന്‍ പോര്‍ട്ടബിലിറ്റിയും, കോംബോയും നടപ്പിലാക്കാതെ പദ്ധതി അട്ടിമറിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കാലത്ത് സര്‍ക്കാര്‍ 5 കി.ഗ്രാം അരി സൗജന്യമായി നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കാര്‍ഡുടമ സംഘടന സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. ജി. രാമന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.
റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ യോഗം ഉദ്ഘാടനം ചെയ്തു.എസ്. രഘുനാഥന്‍ നായര്‍, ജൂലി സുരേഷ്, അഡ്വ. കുന്നുക്കുഴി സുരേഷ്, വര്‍ക്കിംഗ് പ്രസിഡന്റ് വി.ജെ.ലാലി, വൈസ് പ്രസിഡന്റുമാരായ ലേഖാ ഗോപിനാഥ്, അഹമ്മദ് മാസ്റ്റര്‍, സെക്രട്ടറിമാരായ മിനി തോമസ്, സൈരാ മൈക്കിള്‍, എസ്. ചന്ദ്രിക, കെ.കമലമ്മ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here