ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടുമൃഗങ്ങള്‍ നാട്ടില്‍; കൃഷിയിടങ്ങളില്‍ കാട്ടാനകളുടെ തേര്‍വാഴ്ച

0
17

കാസര്‍ഗോഡ്: ആനകളും പന്നികളും കുരങ്ങുകളും കൂട്ടത്തോടെ കാടിറങ്ങി
നാടുകളില്‍ തമ്പടിക്കുന്നു. കാസര്‍ഗോഡിന്റെ അതിര്‍ത്തിഗ്രാമങ്ങളായ അഡൂര്‍, പാണ്ടി ഭാഗങ്ങളിലാണ് കാട്ടുമൃഗങ്ങള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ആനകളുടെ ചിന്നംവിളികേട്ട് രാത്രിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉറക്കം നഷ്ടമാകുന്നു. മൂന്നാഴ്ച മുമ്പാണ് ആനക്കൂട്ടം അഡൂരിലെ ഗ്രാമങ്ങളിലേക്കിറങ്ങിയത്. കാര്‍ഷികമേഖലയില്‍ ആനകളുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ അപരിഹാര്യമാണ്. തെങ്ങുകളും കമുകുകളും വാഴകളുമെല്ലാം ചവിട്ടിമെതിച്ചുകൊണ്ടാണ് കാട്ടാനകളുടെ തേര്‍വാഴ്ച. പാണ്ടി, അര്‍ത്യ, ഓട്ടമല, കയ്യണ്ണി, ഭണ്ഡാരക്കുഴി, വെള്ളക്കാനം തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളെല്ലാം ആനകള്‍ നശിപ്പിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. ആനകളെ തുരത്തിയോടിക്കാന്‍ ഗ്രാമവാസികളും വനപാലകരും ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയുമാണ് ആനകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആനകള്‍ പിന്‍മാറാതെ പരാക്രമങ്ങള്‍ തുടരുകയാണ്. ഉറക്കമിളച്ച് കൃഷിയിടങ്ങള്‍ക്ക് കാവലിരിക്കാന്‍ പോലും ആര്‍ക്കും ധൈര്യമില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കാട്ടാനകള്‍ കൂട്ടത്തോടെ വരുന്നതിനാല്‍ നേരിടാനുള്ള പ്രാപ്തി കര്‍ഷകര്‍ക്കില്ല. നേരിടാനൊരുങ്ങിയാല്‍ ജീവന്‍പോലും നഷ്ടമാകുമെന്ന് അവര്‍ ഭയക്കുന്നു. പാണ്ടിയിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്കുമുള്ള വഴികള്‍ വനത്തിലൂടെയാണ്. ആളുകള്‍ക്ക് നേരെ ഏതുസമയത്തും ആനകളുടെ ആക്രമണമുണ്ടാകാമെന്ന ഭയം ഗ്രാമവാസികള്‍ക്കുണ്ട്. ആനകള്‍ക്കുപുറമെ പന്നികളുടെയും കുരങ്ങുകളുടെയും ശല്യവും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു.
വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്നും ഗ്രാമവാസികളെ രക്ഷിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണത്തിന് പോലും അവധിയെടുക്കാതെയാണ് ആനകളെ തുരത്താന്‍ വനപാലകര്‍ മുന്നിട്ടിറങ്ങിയത്. ആനകള്‍ പിന്തിരിഞ്ഞാല്‍ തന്നെയും വീണ്ടും ഇവ എത്തുന്നത് വലിയ തലവേദനയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here