പൂവാര്‍ പൊഴിക്കരയില്‍ അനധികൃത ഉല്ലാസയാത്ര; അപകടം വിളിച്ചു വരുത്തി ഉല്ലാസബോട്ടുകള്‍

0
75

സ്വന്തം ലേഖകന്‍
പുവാര്‍: നെയ്യാറും അറബിക്കടലും സംഗമിക്കുന്ന പുവാര്‍ പൊഴിക്കരയില്‍ അപകട സാദ്ധ്യതകള്‍ അവഗണിച്ച് ഉല്ലാസ ബോട്ടുകളുടെ മത്സര കുതിപ്പ് തുടരുന്നു. അധികൃതര്‍ മൗനം നടിക്കുന്നതായി പരക്കേ ആക്ഷേപം. സമീപ ടൂറിസം കേന്ദ്രമായ കോവളത്തു നിന്നും ഏജന്റുമാര്‍ മുഖേന ടൂറിസ്റ്റുകളെ പുവാര്‍ പൊഴിക്കരയില്‍ എത്തിച്ച് നെയ്യാറില്‍ ബോട്ടിങിലൂടെ ഉല്ലാസ യാത്ര സംഘടിപ്പിക്കുകയാണ് റിസോര്‍ട്ട് ഉടമകള്‍ ചെയ്തു വരുന്നത്. ടൂറിസ്റ്റുകളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന അനധികൃത ഉല്ലാസ യാത്രയ്ക്ക് അധികൃതരുടെ മൗനാനുവാദം കൂടീയാകുമ്പോള്‍ റിസോര്‍ട്ട് ലോബികളുടെ കീശ വീര്‍ക്കുന്നു.
ശക്തമായ കാറ്റും കോളും ഏറിയിരിക്കുന്ന സമയത്ത് അനുവദിച്ചിരിക്കുന്നതില്‍ അധികം ആളെ കുത്തി നിറച്ചാണ് ബോട്ടുകള്‍ ചീറിപ്പായുന്നത്. നാലോ അഞ്ചോ പേര്‍ കയറേണ്ട ബോട്ടില്‍ ഒന്‍പതു മുതല്‍ പത്ത് പേരെ കയറ്റിയാണ് സഞ്ചാരം. 10 മിനിറ്റ് യാത്രയ്ക്ക് 500 രൂപ മുതല്‍ 1500 രൂപ വരെ ഈടാക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ യാതൊന്നും തന്നെ പാലിക്കുന്നില്ല. സന്ധ്യ സമയമായാല്‍ ബോട്ടിങ് പാടില്ലെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ യാതൊന്നും ഇവിടെ പാലിക്കുന്നില്ല. ഇരുട്ടില്‍ ആവശ്യത്തിന് വെളിച്ചമോ ലൈറ്റിങ് സംവിധാനങ്ങളോ ഇല്ലാതെയാണ് ഉല്ലാസ ബോട്ടുകള്‍ കുതിക്കുന്നത്.

സവാരി നടത്തുന്നതില്‍ ഏറെയും ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍. നെയ്യാറിലെ മണല്‍ വാരിയ അഗാധ കയങ്ങളിലൂടെ ചീറിപായുന്ന ബോട്ടുകള്‍ അപകടത്തില്‍ പെട്ടാല്‍ പുറം ലോകം അറിയുന്നത് വളരെ വൈകി മാത്രം. അതാണ് നിരവധി തവണ ഇവിടെ നടന്നിട്ടുളളത്. പുവാറില്‍ കൃത്യമായി എത്ര ബോട്ടുകള്‍ ഉല്ലാസ യാത്ര നടത്തുന്നു എന്ന് അധികൃതരുടെ പക്കലും കൃത്യമായ കണക്കില്ല. ഇടയ്ക്ക് ഒന്നോ രണ്ടോ ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആരെയും തന്നെ കാണാനില്ല. സമീപത്ത് നൂറ് മീറ്റര്‍ അകലെ കെട്ടി പൊക്കിയ തീരദേശ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് അല്‍പ്പം ആശ്വാസത്തിന് ഇടനല്‍കി. വല്ലപ്പോഴും ബോട്ടുടമകള്‍ തമ്മില്‍ തര്‍ക്കവും സംഘട്ടനവുമുണ്ടാകുമ്പോള്‍ പുവാര്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയാണ് പതിവ്.

നെയ്യാര്‍ തീര്‍ക്കുന്ന കായല്‍പ്പരപ്പുകളില്‍ സ്വകാര്യ ടൂറിസ്റ്റ് ഉടമകളും റിസോര്‍ട്ട് ഉടമകളും ബോട്ട് സവാരിയിലൂടെ കോടികള്‍ കൊയ്‌തെടുക്കു മ്പോള്‍ സര്‍ക്കാര്‍ ടൂറിസം നോക്കുകുത്തിയായി നില കൊളളുന്നു. വരുമാനം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന സ്വകാര്യ ടൂറിസം വരുത്തിവയ്ക്കുന്ന വിനകള്‍ കുറച്ചൊന്നുമല്ല. കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇവിടെ ബോട്ട് അപകടങ്ങള്‍ വരുത്തിയതും അല്ലാത്തതുമായ മരണങ്ങള്‍ മുപ്പതിനു മുകളില്‍ വരും. അതില്‍ ഏറെ പേര്‍ക്ക് പരുക്കുകളും ഏറ്റിരുന്നു. വിവരം മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മാത്രം പുറം ലോകം അറിയുന്നു. അറിഞ്ഞില്ലെങ്കില്‍ ചെറിയ തുക നല്‍കി ഒതുക്കി തീര്‍ക്കുകയാണ് പതിവ്. ഇവിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ടൂറിസം വന്നിരുന്നുയെങ്കില്‍ വര്‍ഷം കോടികളുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക.

ഇവിട നടക്കുന്ന മീന്‍പിടിത്തം , ചീനവല , വളളം വലിക്കല്‍ , ബോട്ട് നിര്‍മ്മാണം , കായല്‍പ്പരപ്പിലെ സമൃദ്ധമായ ഹരിത വൃക്ഷങ്ങളും ചെടികളും സമുദ്രത്തിന്റെ അനന്ത നീലിമയില്‍ സഞ്ചാരികള്‍ക്ക് കൗതുകമേറുന്ന കാഴ്ചകളാണ്. സമുദ്ര തീരത്തെ സമൃദ്ധമായ വൃക്ഷങ്ങളും , കണ്ടല്‍ കാടുകളും , കാട്ടു ചെടികളും വളര്‍ന്നു നില്‍ക്കുന്ന കാഴ്ച പുവാറിലെ പൊഴിക്കരയ്ക്ക് മാത്രം സ്വന്തം. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഇവിടെയുണ്ടായില്ലെങ്കില്‍ പുവാര്‍ പൊഴിക്കര വിപത്തുകളുടെ പര്യായമായി മാറുമെന്നകാര്യത്തില്‍ ഒട്ടും തന്നെ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here