കോടികളുമായി മുങ്ങിയ ചിട്ടിക്കമ്പനി ഉടമയെക്കുറിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വിവരമില്ല

0
6

പറവൂര്‍: പറവൂര്‍ ആസ്ഥാനമാക്കി എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങളില്‍ 22 ഓളം ശാഖകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന തത്ത്വമസി ചിട്ടി കമ്പനി ഉടമ കോടികളുമായി മുങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെന്ന് പരാതിയുണ്ട്.കുടുംബസമേതം ഒളിവില്‍ പോയ ചിട്ടി കമ്പനി ഉടമ കിഷോറിനെ കണ്ടെത്താന്‍ ഇനിയുമായില്ല. 600 ഓളം ചിറ്റാളരുടെ ഒമ്പത് കോടി രൂപയുമാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത് .

2017 ആഗസ്റ്റ് 22 ന് പൂട്ടിയ മുഖ്യ ഓഫീസും ശാഖാ ഓഫീസുകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പറവൂര്‍, ഞാറക്കല്‍, മുനമ്പം ഉള്‍പ്പെടെ ഏഴ് പോലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറില്‍പ്പരംപരാതികളാണ് കിട്ടിയിട്ടുള്ളത്.

പണം നഷ്ടപ്പെട്ടവരില്‍ അധികവും സാധാരണക്കാരായ സ്ത്രീകളാണ് .വിവിധ സ്റ്റേഷനുകളിലുള്ള കേസുകള്‍ ഏകീകരിക്കാനാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. അതിനിടെ കിഷോര്‍ ബാംഗ്ലൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ചെന്നിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു.

പറവൂര്‍, വൈപ്പിന്‍ മേഖലയില്‍ ചിട്ടിക്കമ്പനികള്‍ ചിറ്റാളന്മാരെ കബളിപ്പിച്ച് അടച്ചു പൂട്ടിയ ഒട്ടേറെ സംഭവങ്ങളുണ്ട്. കോടികളുമായാണ് ഇവര്‍ മുങ്ങുന്നത്. എന്നാല്‍ ചിട്ടി ചേര്‍ന്നവര്‍ക്ക് പണം തിരിച്ചുകിട്ടിയ ചരിത്രമില്ല. ചിട്ടിപ്പണം മറ്റ് ബിസിനസുകളിലേക്ക് മറിക്കുമ്പോഴാണ് കമ്പനി തകരുന്നത്. തത്വമസി ഉടമ കിഷോര്‍ റിസോര്‍ട്ടുകള്‍, വില്ലകള്‍, സ്ഥലങ്ങള്‍ എന്നിവ വാങ്ങിക്കൂട്ടിയിട്ടുണ്ട് . കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പറവൂര്‍, വൈപ്പിന്‍ മേഖലയില്‍ 15 ഓളം ചിട്ടിക്കമ്പനികളാണ് പൊളിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here