കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം വ്യാഴാഴ്ച; ടീമുകള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പ്

0
9

ശ്രീകാന്ത് വര്‍മ്മ

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ക്രിക്കറ്റ് പൂരം വ്യാഴാഴ്ച. നാലാം ഏകദിനത്തില്‍ ഇന്ത്യ നേടിയ കൂറ്റന്‍ ജയം കാര്യവട്ടത്തും ആവര്‍ത്തിക്കണേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. കാര്യവട്ടത്ത് ജയിച്ചാല്‍ ഏകദിന പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും.
മല്‍സരത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇന്ത്യ-വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്ക് സംഘാടകരും ആരാധകരും ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുടീമുകളും ജെറ്റ് എയര്‍വേസിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയത്. നൂറുകണക്കിന് ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ പുറത്തിറങ്ങിയ താരങ്ങള്‍ പിന്നീട് ടീം ബസില്‍ കോവളം ലീലാ റാവിസ് ഹോട്ടലിലേക്ക് പോയി. ഇരുടീമുകള്‍ക്കും അവിടെയാണ് താമസം ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.15ന് വെസ്റ്റിന്‍ഡീസ് ടീമും ഉച്ചയ്ക്ക് ശേഷം രണ്ടിന് ഇന്ത്യന്‍ ടീമും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനം നടത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആണ് മല്‍സരം ആരംഭിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തുലാവര്‍ഷ പ്രവചനം നടത്തിയിരുന്നെങ്കിലും ഗ്രീന്‍ഫീല്‍ഡിലെ തെളിഞ്ഞ ആകാശം ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. എങ്കിലും മഴയെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. എത്ര വലിയ മഴ പെയ്താലും അര മണിക്കൂറിനുള്ളില്‍ ഗ്രൗണ്ട് മല്‍സര സജ്ജമാകുമെന്നാണ് ബി.സി.സി.ഐ ക്യൂറേറ്റര്‍ ശ്രീറാമിന്റെ അഭിപ്രായം. ഇന്റലിജന്‍സ് ഐ.ജി ലക്ഷ്മണിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാര്യവട്ടത്തെ പിച്ചില്‍ താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ട് കാണാം. മാണ്ഡ്യയില്‍ നിന്നെത്തിച്ച കളിമണ്ണ് ഉപയോഗിച്ച് നിര്‍മ്മിച്ച പിച്ചില്‍ റണ്ണൊഴുകുമെന്നാണ് ക്യൂറേറ്റര്‍ നല്‍കുന്ന ഉറപ്പ്. നാലാം ഏകദിനത്തിലേത് പോലെ 350ന് മേല്‍ റണ്ണെത്തുമെന്നാണ് പ്രതീക്ഷ. പിച്ച് പരിശോധിച്ച ബി.സി.സി.ഐയുടെ സാങ്കേതിക സംഘവും റണ്‍ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

പച്ചവിരിച്ച സ്‌റ്റേഡിയത്തില്‍ ആകെ ഒമ്പത് പിച്ചുകളാണ് തയാറാക്കിയിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണവും ബാറ്റിങിന് അനുകൂലമാണ്. മറ്റുള്ള നാല് പിച്ചുകള്‍ ഇരുടീമുകളും പരിശീലനത്തിനായി ഉപയോഗിക്കും. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, അമ്പാട്ടി റായ്ഡു, ശിഖര്‍ ധവാന്‍ എന്നിവരുടെ ബാറ്റിങ് വിരുന്നിനായാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ഗ്യാലറി കാത്തിരിക്കുന്നത്. ഹോപ്പും ജെയ്‌സന്‍ ഹോള്‍ഡറും ആഷ്‌ലി നേഴ്‌സും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ വിന്‍ഡീസ് നിരയിലുമുണ്ട്. ക്രിസ്റ്റഫര്‍ ബ്രോഡ് മാച്ച് റഫറി, ഇയാന്‍ ഗൂള്‍ഡ്, പോള്‍ വില്‍സന്‍, ഇയാന്‍ വില്‍സന്‍, ഷംസുദ്ദീന്‍, ഡെന്നിസ് ബാര്‍ണ്‌സ്, ഹരിനാരായണന്‍ മിസ്ത്രി എന്നിവരാണ് മാച്ച് ഒഫീഷ്യല്‍സ്.

രാവിലെ പതിനൊന്നു മുതല്‍ കാണികളെ സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിച്ചുതുടങ്ങും. ഓണ്‍ലൈന്‍ ടിക്കറ്റില്‍ സീറ്റ് നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ മണിക്കൂറുകള്‍ക്ക് മുമ്പേ സ്‌റ്റേഡിയത്തില്‍ കയറി സീറ്റുപിടിക്കേണ്ട ആവശ്യമില്ല. 42,000പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ കളികാണാനാവുക. മൂന്നുകോടി രൂപയുടെ ടിക്കറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞു. തിരക്കൊഴിവാക്കാന്‍ ഗാലറിയില്‍ ഇടയ്ക്കിടെ ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

1998 ജനുവരി 25നാണ് തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മല്‍സരം നടന്നത്. ഇത്തവണ വീണ്ടും ഏകദിനം എത്തുമ്പോള്‍ അതേടീമുകള്‍ തന്നെയാണ് മല്‍സരിക്കുന്നത് എന്നതാണ് കൗതുകം. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മല്‍സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ ഇന്ത്യ ജയിച്ചു. രണ്ടാം ഏകദിനം സമനിലയിലാവുകയും മൂന്നാം ഏകദിനം വിന്‍ഡീസ് ജയിക്കുകയും ചെയ്തു. നാലാമത്തെ ഏകദിനത്തില്‍ ഇന്ത്യ വന്‍ തിരിച്ചുവരവാണ് നടത്തിയത്. വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീമിനാണ് കാര്യവട്ടത്തെ മല്‍സരത്തില്‍ മുന്‍തൂക്കം. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മുന്‍കാല ഇന്ത്യന്‍ താരങ്ങള്‍ എന്നിവര്‍ മത്സരം കാണാനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here