ദേശീയപാത സ്ഥലമെടുപ്പ്: കാര്‍ഷിക വിളകള്‍ക്ക് വന്‍ നഷ്ടപരിഹാരം

0
9

മലപ്പുറം: ദേശീയപാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമിക്കും കാര്‍ഷിക വിളകള്‍ക്കും എല്ലാം തന്നെ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കുന്നതെന്നതിനാല്‍ കാര്‍ഷിക വിളകള്‍ക്ക് വന്‍നഷ്ടപരിഹാരമാണ് ഭൂഉടമസ്ഥര്‍ക്ക് ലഭിക്കുക. കായ്ഫലമുള്ള തെങ്ങിന് ഒരെണ്ണത്തിന് 50,000/ രൂപയും കായ്ഫലം ഇല്ലാത്തതിന് ഒരെണ്ണത്തിന് 25,000/ രൂപയും, തെങ്ങിന്‍ തൈകള്‍ക്ക് ഒരെണ്ണത്തിന് 4000/ രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്. കായ്ഫലമുള്ള ജാതിക്ക് ഒരെണ്ണത്തിന് 1,00,000/ രൂപയാണ് നഷ്ടപരിഹാരം. കായ്ഫലമില്ലാത്തതിന് 50,000/ രൂപയും തൈകള്‍ക്ക് 6000/ രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്.
കവുങ്ങിന് കായ്ഫലമുള്ളതിന് ഒരെണ്ണത്തിന് 14,000/രൂപയും കായ്ഫലമില്ലാത്തതിന് 6,000/ രൂപയും തൈകള്‍ക്ക് ഒന്നിന് 600/ രൂപയും വീതം ലഭിക്കുന്നതാണ്. 75 സെന്റ് മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള പ്ലാവ്, മാവ് എന്നിവക്ക് 20,000/ രൂപ വീതവും 75 സെന്റ് മീറ്റര്‍ വരെ വലിപ്പമുള്ള ഒരെണ്ണത്തിന് 12,000/ രൂപ വീതവും തൈകള്‍ക്ക് ഒന്നിന് 2000/ രൂപ വീതവും ലഭിക്കുന്നതാണ്. ഇവക്ക് തടി വിലയും വിറക് വിലയും കൂട്ടുമ്പോള്‍ 10,000/ രൂപയില്‍ കൂടുതല്‍ വരുന്ന പക്ഷം ആയതിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്. പട്ട, ഗ്രാമ്പൂ മുതലായ മറ്റ് സുഗന്ധ വ്യജ്ഞനമരങ്ങള്‍ക്കും കൊക്കോയ്ക്കും കായ്ഫലമുള്ളതിന് ഒന്നിന് 14,000/ രൂപയും കായ്ഫലമില്ലാത്തതിന് ഒന്നിന് 6,000/ രൂപയും തൈകള്‍ക്ക് ഒന്നിന് 2000/ രൂപയും ലഭിക്കുന്നതാണ്.കൊലക്കാത്ത വാഴക്ക് 300 രൂപ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. മരച്ചീനി ഒരു ഹെക്ടറിന് 40,000/ രൂപയാണ് നഷ്ടപരിഹാരം. കായ്ഫലമുള്ള കശുമാവ് ഒന്നിന് 14,000/രൂപയും കായ്ഫലമില്ലാത്തതിന് 6000/ രൂപയും തൈകള്‍ക്ക് 1000/ രൂപ വീതവും ലഭിക്കും. കുരുമുളക് കായ്ഫലമുള്ള ഒരു ചുവടിന് 14,000/ രൂപയും കായ്ഫലമില്ലാത്തതിന് 6000/ രൂപയും തൈകള്‍ക്ക് ഒന്നിന് 1000/ രൂപയുമാണ് നഷ്ടപരിഹാരം. വെറ്റിലകൂട്ടക്കൊടി ഒരു കൂട്ടത്തിന് 2000/ രൂപയും കവുങ്ങിന്‍ കൊടി ഒരു സ്റ്റാന്‍ഡേര്‍ഡിന് 400 രൂപയും നഷ്ടപരിഹാരവും ലഭിക്കും. റമ്പുട്ടാന്‍ മുതലായ മറ്റ് എക്‌സോട്ടിക്ക് ഫ്രൂട്ട്, ക്രോപ്‌സ് എന്നിവക്ക് കായ്ഫലമുള്ള ഒന്നിന് 30,000/ രൂപയും കായ്ഫലമില്ലാത്ത ഒന്നിന് 14,000/ രൂപയും തൈകള്‍ക്ക് ഒന്നിന് 2000/ രൂപയും നഷ്ടപരിഹാരം ലഭിക്കും. പേര,സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവല്‍, മുട്ടപ്പഴം, ബട്ടര്‍ ഫ്രൂട്ട് മുതലായ മറ്റ് മെനര്‍പഴവര്‍ഗ്ഗങ്ങള്‍ക്ക് കായ്ഫലമുള്ള ഒന്നിന് 10000/ രൂപയും കായ്ഫലമില്ലാത്തതിന് 4,000/ രൂപയും തൈകള്‍ക്ക് 1000/ രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും.
മുരിങ്ങ,കരിവേപ്പ്, പപ്പായ മുതലായ ദീര്‍ഘ കാല പച്ചക്കറികള്‍ക്കും വേപ്പ്, അശോകം മുതലായ ഔഷധ സസ്യങ്ങള്‍ക്കും ഒരു മരത്തിന് 2000/ രൂപ വീതവും തൈകള്‍ക്ക് ഓരോന്നിനും 400രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും.
നെല്ല്, പയര്‍ മുതലായ ഇടക്കാല വിളകള്‍ ഒഴികെ ബാക്കി എല്ലാ കാര്‍ഷിക വിളകള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതാണ്. കൃഷി ഓഫീസര്‍മാര്‍ കണക്കെടുത്ത് തയ്യാറാക്കുന്ന വില നിര്‍ണ്ണയത്തിന്റെ ഇരട്ടി തുകയാണ് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി നല്‍കുന്നത്. ഓരോരുത്തര്‍ക്കും ലഭിക്കുന്ന നഷ്ടപരിഹാരം വിചാരണ വേളയില്‍ അവരെ അറിയിക്കും.
നിയമപരമായി അനുവദനീയമായ പരമാവധി നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here