രോഗികളെ വലച്ച് തൃക്കോവില്‍വട്ടം പി എച്ച് സി യും സബ്‌സെന്ററും ബസ്‌സര്‍വീസ് ഇല്ലാത്ത സ്ഥലത്ത്

0
13

പി. ഉദയകുമാര്‍
കൊല്ലം: കണ്ണനല്ലൂര്‍ പാലമുക്കിന് സമീപമുള്ള തൃക്കോവില്‍വട്ടം ഗവ.പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം വൃദ്ധജനങ്ങളെയായ രോഗികളെയും കുട്ടികളെയും ഒരു പോലെ വലയ്ക്കുന്നു. രോഗികളായെത്തുന്നവര്‍ക്ക് പി.എച്ച്.സിയിലെത്താന്‍ ഒരുകിലോമീറ്ററോളം നടക്കണമെന്നതാണ ്‌രോഗികള്‍ നേരിടുന്ന പ്രധാന പോരായ്മ.

നേരത്തെ പാലമുക്കിലെ പി.എച്ച്.സിയില്‍ മാത്രമായിരുന്നു ഇതിന്റെ തിക്തഫലമെങ്കില്‍ ഇപ്പോള്‍ സബ്‌സെന്ററിനും ഇതുതന്നെയായി അവസ്ഥ. ഇടുങ്ങിയ പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ വര്‍ഷങ്ങളായി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്‌ളക്‌സിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ശോചനീയാവസ്ഥ എന്നു കണ്ടെത്തി, ഇപ്പോള്‍ മാറ്റിയത് ചിലരുടെ താല്പര്യസംരക്ഷണത്തിനാണെന്നും ആക്ഷേപമുണ്ട്. കണ്ണനല്ലൂര്‍ ജംഗ്ഷനില്‍കിടന്ന സബ്‌സെന്റര്‍ രണ്ടുമാസം മുന്‍പ് ഒരു വാര്‍ഡ്‌മെമ്പറുടെ പിന്തുണയോടെയാണ് തൃക്കോവില്‍വട്ടത്തെ പഞ്ചായത്ത് ഭരണസമിതി, കണ്ണനല്ലൂര്‍നോര്‍ത്ത് വാര്‍ഡിലെ ബസ് സര്‍വീസ് ഒന്നുമില്ലാത്ത ആസാദ് ജംഗ്ഷന്‍എന്ന സ്ഥലത്തേയ്ക്ക് രണ്ടുമാസം മുന്‍പ് മാറ്റിസ്ഥാപിച്ചത്. ഇതാണ് രോഗികള്‍ക്ക് വലിയഇരുട്ടടിയായത്.

മെയിന്‍ സെന്റര്‍ തന്നെ കണ്ണനല്ലൂരില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ചേരീക്കോണം വാര്‍ഡിലെ പാലമുക്കില്‍ ബസ്‌സര്‍വീസ് ഇല്ലാത്ത അകത്തെ സ്ഥലത്തായത് നാട്ടുകാര്‍ക്ക് അസൗകര്യമുണ്ടാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.രണ്ട് പതിറ്റാണ്ടുമുന്‍പ് വസ്തുവാങ്ങിയാണ് മെയിന്‍ ഹെല്‍ത്ത് സെന്റര്‍ അവിടെ നിര്‍മ്മിച്ചത്. ഹെല്‍ത്ത് സെന്റര്‍ തന്നെ കണ്ണനല്ലൂരിലെ മുഖത്തലയോ അല്ലെങ്കില്‍ പഞ്ചായത്തിലെ തന്നെ റൂട്ട്ബസ് സര്‍വീസ് ഉള്ള ഏതെങ്കിലും സ്ഥലത്തോ സെന്റര്‍ മാറ്റിസ്ഥാപിക്കണമെന്നാണ് സാധാരണക്കാരായ രോഗികളുടെ ആവശ്യം.

അതേസമയം കണ്ണനല്ലൂര്‍ ജംഗ്ഷനിലെ മൈതാനത്തോട് സമീപം വര്‍ഷങ്ങളായി ആയൂര്‍വേദ ആശുപത്രി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ കിടത്തിചികിത്സയ്ക്ക് മറ്റൊരു കെട്ടിടവുംനിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവിടെ ഇതുവരെ കിടത്തിചികിത്സ തുടങ്ങിയിട്ടില്ല.ഇവിടേയ്ക്ക് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വേണമെങ്കില്‍ മാറ്റി സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ മറ്റൊരുനിര്‍ദ്ദേശം. മാറ്റിസ്ഥാപിച്ചാല്‍ പകരം കെട്ടിടം ഇപ്പോഴത്തെ ആയുര്‍വേദ ആശുപത്രിയ്ക്കായി, കണ്ണനല്ലൂരിലോ സമീപത്തോ തന്നെ നല്‍കാന്‍ പഞ്ചായത്തിനാകും. 23 വാര്‍ഡുകളുള്ള തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ മിക്കവര്‍ക്കും തന്നെ എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലത്ത് പി.എച്ച്.സി കിടന്നിട്ടും, ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ അധികൃതര്‍ക്ക് വര്‍ഷങ്ങളായി കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
തുടങ്ങി രണ്ട് പതിറ്റാണ്ടിയിട്ടും തൃക്കോവില്‍വട്ടം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയും പരിശോധനയും, ആരംഭിക്കാത്തതും കൂടുതല്‍ രോഗികളെത്തുന്നതില്‍ തടസമാകുന്നുണ്ട്.

എന്നാല്‍ സ്ഥാപനം ഇവിടെതന്നെ തുടരുകയാണെങ്കില്‍ അസുഖബാധിതര്‍ക്ക് വേണ്ട ബസ് സൗകര്യം പാലമുക്കിലേയ്ക്ക് ഉടന്‍തന്നെ ആരംഭിക്കേണ്ടതാണ്. ഓട്ടോറിക്ഷയില്‍ അമിതചാര്‍ജ് നല്‍കിയാണ് പലരും രണ്ടിടത്തും എത്തുന്നത്. ഏതെങ്കിലും സ്വകാര്യ ബസുകള്‍ക്കോ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കോ ഇവിടേയ്ക്ക് ബസ് സര്‍വീസ് ആരംഭിക്കാന്‍ പഞ്ചായത്തോ മറ്റ് അധികാരികളോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്ന് രോഗികളുടെ പരിഭവം.
സമീപപ്രദേശങ്ങളിലെ ചെറിയ സ്വകാര്യ ആശുപത്രികളില്‍പോലും ഇതിനാല്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ്. തൃക്കോവില്‍വട്ടത്തെ ആരോഗ്യവകുപ്പിന്റെ സബ് സെന്ററെങ്കിലും കുറഞ്ഞ പക്ഷം അത്യാവശ്യം സൗകര്യത്തോടെ കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ തന്നെ പുനസ്ഥാപിക്കണമെന്ന് ആവശ്യമാണ് ഇപ്പോള്‍ വ്യാപകമായി ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here