മലയോര ഹൈവേയുടെ റൂട്ട് മാറ്റം: തൃശൂര്‍ ജില്ലയ്ക്ക് അവഗണന;കാഴിക്കോട് ജില്ലയില്‍ റൂട്ട് മാറ്റത്തിന് അനുമതി

0
602

എം.സി.ചിത്രേഷ്

തൃശൂര്‍: ജില്ലയിലെ മലയോര പ്രദേശങ്ങളുടെ വികസന സ്വപ്‌നങ്ങള്‍ക്ക് സര്‍ക്കാരിന്റെ തിരിച്ചടി. സംസ്ഥാനത്താകമാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മലയോര ഹൈവേ പദ്ധതി തൃശൂര്‍ ജില്ലയില്‍ വേണ്ടത്ര നടപ്പാകില്ല. മലയോരപ്രദേശങ്ങളിലെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും മലപ്രദേശങ്ങളുടെ വികസനം സാധ്യമാക്കുന്നതിന് വേണ്ടിയാണ് മലയോരഹൈവേ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
എന്നാല്‍ തൃശൂര്‍ ജില്ലയില്‍ പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളിലൂടെയാണ് മലയോരഹൈവേ കടന്ന് പോകുന്നത്. 2006ല്‍ നാക്പാക് നടത്തിയ സര്‍വെ പ്രകാരം പാണഞ്ചേരി പഞ്ചായത്തില്‍ വഴുക്കുംപാറയില്‍ നിന്ന് നിലവിലുള്ള ആറ് വരി ദേശീയപാതയിലൂടെയും തുടര്‍ന്ന് വികസനം പൂര്‍ത്തിയായ പീച്ചി റോഡിലൂടെയും കടന്ന് വിലങ്ങന്നൂരില്‍ നിന്ന് പുത്തൂര്‍ വഴിയാണ് മലയോരഹൈവേ റൂട്ട് നിശ്ചയിച്ചിരുന്നത്. ഇതിന് 2009ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നതുമാണ്.

മലയോര ഹൈവേ 12 മീറ്റര്‍ ക്യാരേയ്ജ് വേയോടുകൂടിയാണ് നിര്‍മിക്കുവാന്‍ തീരുമാനിച്ചിരുന്നത്. പാണഞ്ചേരി പഞ്ചായത്തിന്റെ അവികസിതമായ മലപ്രദേശങ്ങള്‍ക്ക് യാതൊരു ഗുണവുമില്ലാത്ത ഈ റൂട്ടിനെതിരെ മലയോരഹൈവേയുടെ റൂട്ട് വഴുക്കുംപാറയില്‍ നിന്നു തുടങ്ങി തോണിക്കല്‍ പുറപ്പാടം, മേലേച്ചിറ, കട്ടച്ചിറക്കുന്ന്, പട്ടിലുംകുഴി വഴി പീച്ചിയിലൂടെ കടന്ന് വിലങ്ങന്നൂര്‍ വഴി കൊണ്ട്‌പോകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനവും നല്‍കിയിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നപ്പോള്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.പി.എല്‍ദോസ്, സാരി തങ്കച്ചന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കുകയും നാലുമാസത്തിനകം മലയോരഹൈവേയുടെ ഉദ്ദേശലക്ഷ്യങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ റുട്ട് മാറ്റത്തെ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.മലയോരഹൈവേയുടെ റൂട്ട് മാറ്റിയാല്‍ മലമ്പുഴ, പീച്ചി, പുത്തൂര്‍ മൃഗശാല വഴി ഒരു ടൂറിസ്റ്റ് ഇടനാഴി രൂപപ്പെടുമെന്നും തൃശൂര്‍ ജില്ലയിലെ ഏറ്റവും അവികസിതമായ മലയോരപ്രദേശങ്ങള്‍ക്ക് ഗതാഗതവും വികസനവും സാധ്യമാകുമെന്നും നിലവിലുള്ള റുട്ടിനേക്കാളും ദൂരം കുറയുമെന്നുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കാതെ റൂട്ട് മാറ്റിയാല്‍ അധികചിലവും കാലതാമസവും വരുമെന്നും പറഞ്ഞ് പരാതി തള്ളുകയായിരുന്നു.

9.60 കി.മീ. ദൂരം വരുന്ന ഗ്രാമീണ റോഡ് വികസിപ്പിക്കുന്നതിന് 50 കോടി രൂപ ചിലവ് വരുമെന്ന അതിശയോക്തിപരമായ വാദം മുന്‍നിര്‍ത്തിയാണ് മലയോര ഹൈവേയുടെ റുട്ട് മാറ്റുന്നതിനുള്ള അപേക്ഷ സര്‍ക്കാര്‍ തള്ളിയതെന്ന് പരാതിക്കാര്‍ ആരോപിച്ചു.മലയോര ഹൈവേ ഉള്‍പ്പെടുന്ന കാസര്‍ഗോഡ് ജില്ലയിലെ 92.415 കി.മീ. റോഡ് പണിക്ക് ചിലവ് വരുന്ന 237.20 കോടി രൂപയ്ക്ക് ആവശ്യമായ ഫണ്ട് ഇന്ധനവിലയില്‍ അധികമായി ഒരു രൂപ ചുമത്തി അതില്‍നിന്ന് 50 ശതമാനം റോഡ് പണിക്ക് വേണ്ടി എടുക്കാമെന്ന് സര്ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

കോഴിക്കോട് ജില്ലയില്‍ നടത്തിയ ആദ്യ അലൈയ്‌മെന്റ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നെങ്കിലും ജില്ലയിലെ ജനങ്ങളുടേയും ജനപ്രതിനിധികളുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ നാക്പാക്കിനെകൊണ്ട് വീണ്ടും പഠനം നടത്തി അലൈയ്‌മെന്റ് പുതുക്കുകയായിരുന്നു. ഇത്തരത്തില്‍ മലയോരഹൈവേ ജില്ലയില്‍ ദേശീയപാതയിലൂടെയും വികസനം പൂര്‍ത്തിയാക്കിയ പീച്ചി റോഡിലൂടെയുമാണ് കടന്നുപോകുക. അതിനാല്‍ പാണഞ്ചേരി പഞ്ചായത്തിലെ മലയോര മേഘലയ്ക്ക് ഉണ്ടാകാന്‍ സാധ്യമായ ഗതാഗത സൗകര്യവും വികസനവും നഷ്ടപ്പെടുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here