വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിനു സാവകാശം തേടാം:മുഖ്യമന്ത്രി; ചര്‍ച്ച തൃപ്തികരം രാജകുടുംബം

0
12

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിനു സാവകാശം തേടാമെന്നു മുഖ്യമന്ത്രി. രാജകുടുംബവും തന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനു തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.ചര്‍ച്ചയ്ക്കിടയില്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടുന്നതു സംബന്ധിച്ച നിര്‍ദേശം ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും ബോര്‍ഡിനു തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും തങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നിലവിലെ ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. സര്‍ക്കാരിന്റെ നിലപാടുകള്‍ മുഖ്യമന്ത്രിയും വ്യക്തമാക്കി. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പരിമിതികളും മറ്റും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുവാന്‍ ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. തന്ത്രി കുടുംബാംഗങ്ങളുമായും രാജകുടുംബാംഗങ്ങളുമായും വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനം പറയാനാകൂവെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരും പ്രതികരിച്ചു. യുവതികള്‍ ദയവ് ചെയ്ത് ശബരിമലയിലേക്ക് വരരുതെന്നും തന്ത്രി അഭ്യര്‍ഥിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍വകക്ഷിയോഗം അവസാനിച്ചതിന് പിന്നാലെയാണ് പന്തളം രാജകുടുംബാംഗവും തന്ത്രിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here