സുരേന്ദ്രന്റെ അറസ്റ്റ്: ബിജെപി ഇന്ന്‌ പ്രതിഷേധദിനം ആചരിക്കും; സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം

0
10

തിരുവനന്തപുരം: പൊലീസ് നിര്‍ദ്ദേശം അവഗണിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന്‌ പ്രതിഷേധ ദിനം ആചരിക്കും. പൊലീസ് നടപടിക്കെതിരെ ബിജെപി പ്രതിഷേധിക്കും. ഇതിന്റെ ഭാഗമായി ഹൈവേകളില്‍ വാഹനങ്ങള്‍ തടയും. ഹര്‍ത്താല്‍ നടത്തില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാത്രി എട്ട് മണിക്ക് ശേഷം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ കുത്തിയിരിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെ സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് പോകാനായി എത്തിയത്. കെ.സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. പോലീസിന്റെ എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദര്‍ശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി. പൊലീസ് നിര്‍ദ്ദേശം അവഗണിച്ച് ശബരിമലയിലേക്ക് പോകാനൊരുങ്ങിയ സുരേന്ദ്രനെയും കൂട്ടരെയും ഇതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here