തിരുവനന്തപുരം: സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാക്കള്‍. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനുമാണ് പൊലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഒരു അനുമതിയും വാങ്ങാതെ നാളെ പമ്പയിലേക്ക് പോകുമെന്നും തടയാമെങ്കില്‍ തടയട്ടെയെന്നും ശ്രീധരന്‍ പിള്ള വെല്ലുവിളിച്ചു.

അതേസമയം, ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ ബിജെപി നിയമവഴിയും തേടാനൊരുങ്ങുന്നു. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ക്രമസമാധാനപ്രശ്‌നങ്ങളുടെ പേരില്‍ തീര്‍ഥാടകരുടെ അവകാശങ്ങളില്‍ പൊലീസ് ഇടപെടുന്നുവെന്ന് കാണിച്ചാണ് ബിജെപി ഹര്‍ജി നല്‍കുക. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടിക്കെട്ടുണ്ടായിട്ടും പോകാന്‍ അനുവദിച്ചില്ലെന്നും, ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബിജെപി, സംഘപരിവാര്‍ നേതാക്കളെ സന്നിധാനത്തേയ്ക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

അതിനിടെ, ശബരിമല കര്‍മസമിതിയും സന്നിധാനത്തെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ പി.സദാശിവത്തെ കാണും. നിയന്ത്രണം ഭക്തരെ വലയ്ക്കുന്നു എന്നാണ് കര്‍മസമിതിയുടെ പരാതി. രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ഗവര്‍ണറെ കാണുക.

രാത്രി സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്നതുള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളാണ് ആദ്യം പൊലീസ് കൊണ്ടു വന്നത്. എന്നാല്‍ ദേവസ്വംബോര്‍ഡും മന്ത്രി കടകംപള്ളി സുരേന്ദ്രനും കടുത്ത എതിര്‍പ്പ് അറിയിച്ചതോടെ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് വരുത്താന്‍ പൊലീസ് തയ്യാറായി. എന്നാല്‍ രാത്രി നെയ്യഭിഷേകമോ, പടിപൂജയോ ബുക്ക് ചെയ്യാത്തവര്‍ക്കോ, വൃദ്ധരും ശാരീരിക അവശതകളുമുള്ളവരുമല്ലാത്തവര്‍ക്കോ സന്നിധാനത്ത് ഇപ്പോഴും തുടരാന്‍ അനുമതിയില്ല. സന്നിധാനത്ത് തുടരാന്‍ പൊലീസ് അനുമതി നല്‍കിയവര്‍ക്ക് വിരിവയ്ക്കുന്നതിനുള്‍പ്പടെ അനുവാദവുമുണ്ട്.

ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഓരോ നേതാക്കളെ വീതം ശബരിമലയിലെത്തിക്കാന്‍ ബിജെപി തീരുമാനം. മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയില്‍ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബിജെപി പുതിയ തന്ത്രം സ്വീകരിക്കുന്നതെന്നാണ് സൂചന.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് പൊലീസ് നേരത്തെ വിശദമാക്കിയിരുന്നു. സുപ്രീംകോടതി വിധി ലംഘിക്കുകയും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ നേതാക്കള്‍ വീണ്ടും ശബരിമലയിലേക്ക് പോവുന്നതില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് അറസ്റ്റ് ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചിരുന്നു.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല, നാളെ പുലര്‍ച്ചയോടെ ശബരിമലയിലെത്തും. നേരത്തേ ശബരിമലയിലെത്തിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത ശശികലയെ ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് വീണ്ടും ശബരിമലയിലെത്തുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിലും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ സര്‍ക്കാര്‍ വീഴ്ചയിലും പ്രതിഷേധിച്ച് ബി.ജെ.പി പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണയിലാണ് ശ്രീധരന്‍പിള്ള കേരളാ പൊലീസിനെതിരെ രംഗത്തെത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എം.എല്‍.എമാര്‍ എത്തും. അറസ്റ്റ് ചെയ്യുന്നവരെ അടയ്ക്കാന്‍ ജയിലുകള്‍ പോരാതെ വരും. ശബരിമലയിലേക്കുള്ള വഴി കാട്ടി തരാന്‍ പൊലീസുകാരന്റെ സഹായം വേണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയിലേക്ക് പാസ്സിലാതെ പോകുമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പൊലീസിനെ വെല്ലുവിളിച്ചു. തീര്‍ത്ഥാടകരാരും പാസ് വാങ്ങരുതെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. വാഹനങ്ങളില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പാസ് വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിക്കാനാണ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here