ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; തുടരേണ്ടതില്ലെന്ന് തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്

0
4

പമ്പ: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. അതേസമയം, നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് തഹസില്‍ദാര്‍മാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലയിലാണ് നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്. നിലവില്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥയില്ല. പ്രതിഷേധക്കാരുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടെങ്കിലും അവര്‍ പ്രകോപനപരമായ രീതിയിലേക്ക് സമരം മാറ്റിയിട്ടില്ല. സന്നിധാനത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ എല്ലാം തന്നെ ഉടന്‍ മാറ്റണം. നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ ഒരു തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തരുതെന്നും മുഴുവന്‍ സമയവും ഭക്തര്‍ക്ക് ശബരിമല യാത്രയ്ക്ക് അവസരമൊരുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സന്നിധാനത്തും പരിസരത്തും വിരി വയ്ക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പൊലീസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാവും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.

അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സന്നിധാനത്തെ പ്രതിഷേധങ്ങളും മയപ്പെടുകയാണ്. ഇന്നലെ രാത്രി നടന്ന രണ്ട് നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചതായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തുടര്‍ച്ചയായ നാലാം ദിനവും സന്നിധാനം പ്രതിഷേധ സ്വഭാവമുള്ള നാമജപത്തിന് വേദിയായി. ശബരിമല കര്‍മസമിതിയുടെ നേത്യത്വത്തില്‍ നടന്ന നാമജപം മാളികപ്പുറത്തിന് സമീപമെത്തി പിരിഞ്ഞു പോയി. രണ്ടാമത് നടന്ന നാപജപത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പങ്കാളിയായി. നട അടക്കുന്നതിന് തൊട്ട് മുന്‍പ് അതും അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊലീസും കാര്യമായ നിയന്ത്രണത്തിന് മുതിര്‍ന്നില്ല. ഇതോടെ പ്രതിഷേധങ്ങളില്ലാതെ സന്നിധാനം ശാന്തമായി. ദര്‍ശനത്തിനെത്തി മടങ്ങും വഴി കേന്ദ്രമന്ത്രി ഐ.ജി. വിജയ് സാഖറയടക്കമുള്ള ഉദ്യാഗസ്ഥരുമായി ഫോണില്‍ സംസാരിച്ചു. ബാരിക്കേഡുകള്‍ നീക്കണമെന്നും വലിയ നടപ്പന്തല്‍ ഭജനക്കായി തുറക്കണമെന്നും മന്ത്രി അവശ്യപ്പെട്ടു. മന്ത്രി രാത്രിയോടെ മലയിറങ്ങി. വലിയ നടപ്പന്തലില്‍ ഇന്നലെ രാത്രി തീര്‍ത്ഥാടകര്‍ വിശ്രമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here