രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വീണ്ടും പഞ്ചാരക്കൊല്ലിയിലേക്ക്

0
7

കല്‍പ്പറ്റ: അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി പതിനഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് (എം.ടി.ബി അഞ്ചാം എഡിഷന്‍) ഇത്തവണയും വയനാടന്‍ മലമുകളിലേക്ക്. കാഴ്ചഭംഗികൊണ്ടും സൈക്ലിംഗിന് അനുയോജ്യമായ പാതകള്‍ കൊണ്ടും സമ്പന്നമായ മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി തേയില എസ്റ്റേറ്റിലാണ് മത്സരം. ഡിസംബര്‍ 7, 8 തീയതികളിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇന്റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി, നാഷണല്‍ ക്രോസ് കണ്‍ട്രി (പുരുഷ, വനിത) വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കും. സംസ്ഥാന ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ഡി.ടി.പി.സി, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ യു.സി.ഐയുടെയോ സി.എഫ്.ഐയുടെയോ ലൈസന്‍സുള്ള താരങ്ങള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ഇതിന് മുന്‍പ് 2015ലും പഞ്ചാരക്കൊല്ലി രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. 2012ല്‍ വയനാട് ജില്ലയിലെ പൊഴുതനയിലാണ് കേരളത്തിലാദ്യമായി രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. തുടര്‍ന്ന് കൊല്ലം ജില്ലയിലെ തെന്‍മലയിലും തിരുവന്തപുരം ജില്ലയിലെ നെയ്യാറും ചാമ്പ്യന്‍ഷിപ്പിന് വേദിയായി. കേരളത്തില്‍ നടക്കുന്ന അഞ്ചാമത് മത്സരമാണ് ഡിസംബറിലേത്. 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. ദേശീയ ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ ആദ്യമായി വനിതകള്‍ പങ്കെടുക്കുന്നു എന്നതും ഈ ചാമ്പ്യന്‍ഷിപ്പിന്റെ പ്രത്യേകതയാണ്.

പഞ്ചാരക്കൊല്ലിയിലെ സൈക്ലിംഗ് ട്രാക്ക് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാറും ടിഡിപിസി ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം പരിശോധന നടത്തി. പഞ്ചാരകൊല്ലിയില്‍ നടക്കുന്ന രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ് വയനാട് ടൂറിസം അസോസിയേഷന്‍ സ്വാഗതം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here