യൂജിന്‍ മാസ്റ്റര്‍ ഇതാ ഇവിടെയുണ്ട്; ഗിറ്റാര്‍ മത്സരവേദിക്ക് സമീപം

0
10

എന്‍ വി

മലപ്പുറം: കോട്ടപ്പടി ഗവ. എല്‍ പി സകൂളിലെ പന്ത്രണ്ടാം നമ്പര്‍ വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗിറ്റാര്‍ മത്സരം നടക്കുന്നു. പുറത്ത് വെള്ളപൂശിയ ചുമരും ചാരി കൂമ്പിയകണ്ണുകളുമായി നില്‍ക്കുകയാണ് ഒരാള്‍. അന്‍പത്തിയാറു വര്‍ഷത്തെ കലാസപര്യയ്ക്കിടയില്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണ് ഈ നില്‍പ്പ്. ഗിറ്റാര്‍ മത്സരത്തില്‍ പങ്കെടുക്കുന്ന തന്റെ ശിഷ്യരുടെയും മറ്റു മത്സരാര്‍ത്ഥികളുടെയും പ്രകടനം വിലയിരുത്താനുള്ള നില്‍പ്പ്.
1962ല്‍ ഫറോക്ക് ഗവ. ഗണപതി ഹൈസ്‌കൂളില്‍ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന എം എസ് ബാബുരാജിന്റെ അപ്പം വേണം അടവേണം എന്ന പാട്ടിന് ഹാര്‍മോണിയം വായിച്ചു തുടങ്ങിയതാണ് ബോബി എന്ന പേരില്‍ പ്രശസ്തനായ സംഗീതജ്ഞന്‍ യൂജിന്‍ നൂണിന്റെ സംഗീത സപര്യ. യാദൃശ്ചികമായി ബോബിയുടെ ശ്രദ്ധ ഹാര്‍മോണിയത്തില്‍ നിന്ന് ഗിറ്റാറിലേക്ക് തിരിഞ്ഞു. പ്രശസ്ത ഗിറ്റാറിസ്റ്റും അമ്മാവനുമായ കണ്ണൂര്‍ കെ മാനുവലാണ് ഗിറ്റാര്‍ ഗുരു. ഹവായിന്‍ ഗിറ്റാറിലും, സ്പാനിഷ് ഗിറ്റാറിലും കഠിന പരിശീലനം നടത്തി.

1969ല്‍ മഞ്ചേരി പ്രീതി മ്യൂസിക് ക്ലബ്ബില്‍ ഗിറ്റാറിസ്റ്റായി. തുടര്‍ന്നങ്ങോട്ട് കേരളത്തിനകത്തും പുറത്തും നൂറുക്കണക്കിന് ഗാനമേളകള്‍ക്ക് ഈ കലാകാരന്‍ ഗിറ്റാര്‍ വയിച്ചു. കീബോര്‍ഡും പിയാനോയും വായിക്കാനും ഇതിനിടയില്‍ പഠിച്ചു. ബാബു പറശ്ശേരിയുടേയും, കെ. ടി മുഹമ്മദിന്റേയും, സുന്ദരന്‍ കല്ലായിയുയേയും നാടകങ്ങള്‍ക്കും ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്‍കി.

മലപ്പുറത്ത് പോലീസ് വകുപ്പിലെ ജീവനക്കാരനായതോടെ ഗിറ്റാര്‍ പഠിപ്പിക്കുന്നതിലായി ശ്രദ്ധ. സിനിമാരംഗത്തുമാത്രമല്ല, ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, എഐആര്‍ എന്നിവയില്‍ നിരവധി പരിപാടികളില്‍ ബോബിയുടെ ശിഷ്യന്മാര്‍ ഗിറ്റാര്‍ വായിക്കുന്നുണ്ട്. സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിലും മറ്റും മത്സരിച്ച് സമ്മാനം നേടിയവര്‍ അനവധി. ഡേവിഡ് സൈമണ്‍, ജോയി വിന്‍സെന്റ് തുടങ്ങിയപ്രഗത്ഭരടക്കം രണ്ടായിരത്തിലധികം ശിഷ്യരാണ് തനിക്കുള്ളതെന്ന് യൂജിന്‍മാസ്റ്റര്‍ പറയുന്നു. ഇവരെല്ലാം കൂടി വാരിക്കൂട്ടിയ പുരസ്‌കാരങ്ങളാണ് തനിക്ക് കിട്ടിയ വലിയ ഗുരുദക്ഷിണ . സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കലോത്സവങ്ങളില്‍ മത്സരത്തിനെത്തുന്നവര്‍ തന്റെയോ ശിഷ്യരുടേയോ ശിഷ്യരാകുമെന്നതിനാല്‍ ഒരു കലോത്സവത്തിനും വിധികര്‍ത്താവായി പോകാറില്ല- മാസ്റ്റര്‍ പറഞ്ഞു.

ഉയരങ്ങളിലെത്താനുള്ള അവസരങ്ങളുണ്ടായിട്ടും കുട്ടികള്‍ക്ക് ഗിറ്റാര്‍ പഠിപ്പിക്കുക ഒരു ജന്മദൗത്യംപോലെ ഏറ്റെടുത്തിരിക്കുകയാണ് ബോബിമാഷ്. പോലീസില്‍ നിന്നും വിരമിച്ചശേഷം മോഹനം കലാലയത്തില്‍ ഗിറ്റാര്‍ അദ്ധ്യാപകനാണ് ഇദ്ദേഹം ഇപ്പോള്‍. ഭാര്യ ഡെള്‍ഫി. ഏക മകന്‍ ബിനോയ് ഗിറ്റാര്‍ ആര്‍ടിസ്റ്റ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here