അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചപ്പാടങ്ങള്‍ പച്ചപ്പിലേക്ക്; കര്‍ഷകര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍

0
4

സ്വന്തം ലേഖകന്‍

അമ്പലപ്പുഴ: പ്രളയ ദുരന്തത്തിനും കാര്‍ഷീക കെടുതികള്‍ക്കും സാക്ഷ്യം വഹിച്ച കുട്ടനാട്ടിലേയും അപ്പര്‍കുട്ടനാട്ടിലേയും ആയിരക്കണക്കിനു വരുന്ന കര്‍ഷകര്‍ എല്ലാം മറന്ന് പുഞ്ചപ്പാടങ്ങളിലേക്ക്. വിതയിറക്കി 30 ദിവസം വരെ പിന്നിട്ട പാടശേഖരങ്ങള്‍ ഇതിനകം തന്നെ പച്ച പുതച്ചു . ഇനി വരുന്ന നാലു മാസം കര്‍ഷകരുടെ പ്രതീക്ഷയുടെ കാലമാണ്. വിതയിറക്കിയ പാടശേഖരങ്ങളില്‍ ഉറവ ജലം പറ്റിക്കുന്നതിനും കളനാശിനികള്‍ തളിക്കുന്നതിനുമുള്ള തിരക്കിലാണ് കര്‍ഷകര്‍. കഴിഞ്ഞ പുഞ്ച കൃഷി സീസണെ അപേക്ഷിച്ച് ഇക്കുറി കൃഷി ഏറെ ചിലവേറിയതാണ്. പ്രളയം കഴിഞ്ഞതോടെ കൃഷിയിടങ്ങളില്‍ വന്‍തോതിലാണ് ചെളിയടിഞ്ഞത്. പാടം കൃഷി യോഗ്യമാക്കുന്നതിന് ഏക്കറിന് പത്ത് തൊഴിലാളികളെ വരെ ഏര്‍പ്പെടുത്തിയ കര്‍ഷകരുമുണ്ട് അപ്പര്‍കുട്ടനാട്ടില്‍ .

അപ്പര്‍ കുട്ടനാട്ടിലെ വീയപുരം കൃഷി ഭവന്‍ പരിധിയില്‍ പെടുന്ന കട്ടക്കുഴി തേവേരി, 365 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള മുണ്ട് തോട് – പോളത്തുരുത്ത് പാടശേഖരങ്ങളില്‍ വിത ഏകദേശം ഞാര്‍ പരുവത്തിലെത്തി കഴിഞ്ഞു. മുപ്പായിക്കേരി, പാമ്പനം വെള്ളക്കുഴി, ഇ ല വ ന്താനം പള്ളി വാതുക്കല്‍ , അച്ചനാരി – കുട്ടങ്കേരി, വരുത്ത് പോച്ച, മടയനാരി, പ്രയാറ്റേരി , മണിയങ്കേരി തുടങ്ങിയ പാടശേഖരങ്ങളിലാകട്ടെ വിതയിറക്കിന് മുമ്പുള്ള മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രളയം വിതച്ച ദുരന്തത്തില്‍ നിന്നും മുക്തി നേടാത്ത കര്‍ഷകര്‍ പ്രതിസന്ധികള്‍ ഉള്ളിലൊതുക്കിയാണ് ഏറെ പ്രതീക്ഷ പുലര്‍ത്തി കൃഷി ഇറക്കിയിരിക്കുന്നത്. വള – കീടനാശിനികള്‍ക്ക് ക്രമാതീതമായ വില വര്‍ദ്ധന അനുഭവപ്പെട്ടിരിക്കെ സബ്‌സിഡി നിരക്കില്‍ അവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here