കാര്‍ത്തികപ്പള്ളി ഗവ. യുപി സ്‌കൂളില്‍ ചീരകൃഷിയിലും നൂറുമേനി വിജയം

0
60

കാര്‍ത്തികപ്പള്ളി: ചീര കൃഷിയിലും നുറു മേനി വിജയം നേടി കാര്‍ത്തികപ്പള്ളി ഗവ.യു.പി. സ്‌കൂള്‍. സ്‌കൂള്‍ പരിസരത്ത് തന്നെ വിവിധ കൃഷികള്‍ ചെയ്ത് അതിലൂടെ കുട്ടികള്‍ക്ക് കൃഷിപാഠം പകര്‍ന്ന് നല്കുകയാണീ സ്‌കൂള്‍. പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന വിവിധ വിളകള്‍ കുട്ടികള്‍ക്കും കാണികള്‍ക്കും മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുമെന്നുറപ്പാണ്.

വിളവെടുപ്പിന് പാകമായ ചീര, വിവിധയിനം വാഴകള്‍, ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, ചേന, കപ്പ തുടങ്ങിയ വിവിധ കൃഷികള്‍ സ്‌കൂള്‍ വളപ്പിലുണ്ട്. കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവെടുത്ത ശേഷമാണ് അതേ സ്ഥലത്ത് ചീര കൃഷി ചെയ്തിരിക്കുന്നത്.ഇതിന്റെ ഫലമായി കുട്ടികള്‍ അവരുടെ വീടുകളിലും ചെറിയ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. ചെടികള്‍ നനയ്ക്കാനും പരിചരിക്കാനും സ്‌കൂളിലെ കുട്ടികള്‍ മുന്‍പന്തിയിലുണ്ടാകും.

സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകള്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ രാവിലെ സ്‌കൂളിലെത്തുമ്പോഴും ഇടവേളകളിലും അധ്യയനത്തിന് തടസ്സം വരാത്ത രീതിയിലാണ് പരിചരണം നടത്തുന്നത്. വിളവെടുക്കുന്ന സാധനങ്ങള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിലേക്കും മിച്ചം വരുന്നവ വിറ്റ് തുക പൂര്‍ണ്ണമായും സ്‌കൂള്‍ ഉച്ചഭക്ഷണ ഫണ്ടിലേക്കുമാണ് ചെലവഴിക്കുന്നത്. ഇവര്‍ക്ക് എല്ലാ വിധ ഉപദേശ നിര്‍ദ്ദേശങ്ങളുമായി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മാതൃകാ കര്‍ഷകനുമായ സാജന്‍ കൂടെയുണ്ടാകും. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ശിവദാസ്. ജെ, എസ്.എം.സി ചെയര്‍മാന്‍ ബി. കൃഷ്ണകുമാര്‍, അധ്യാപകര്‍ , എസ്.എം.സി അംഗങ്ങളുള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ എന്നിവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.

2009 ല്‍ 60 കുട്ടികളുമായി അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് പോയ സ്‌കുളില്‍ ഇന്ന് 800 കുട്ടികള്‍ പഠിക്കുന്നു. 2018ലെ സംസ്ഥാനത്തെ മികച്ച പി.റ്റി.എയ്ക്കുള്ള രണ്ടാം സ്ഥാനം സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here