സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒമ്പതുനാള്‍ ശേഷിക്കെ ഒരുക്കങ്ങള്‍ സജീവം

0
7

അനീഷ് ഭാന്‍ഷായ് മോഹന്‍

ആലപ്പുഴ: കൗമാരകലാ പൂരത്തിനായുള്ള തയാറെടുപ്പുകള്‍ ദ്രുതഗതിയില്‍ കിഴക്കിന്റെ വെനീസില്‍ പുരോഗമിക്കുന്നു. അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒന്‍പത് നാള്‍ അവശേഷിക്കേ, മന്ത്രിമാരായ ജി.സുധാകരന്‍, ഡോ.ടി.എം.തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘാടക സമിതിയും ഒപ്പം വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തന രംഗത്ത് സജീവം.

വേദികള്‍ഇരുപത്തിയൊന്‍പതായി നിജപ്പെടുത്തിയതോടെ ഓരോയിടത്തും നടത്തേണ്ട മത്സരങ്ങള്‍ക്കും രൂപമായി. ഒന്ന് മുതല്‍ അഞ്ച് വരെ വേദികളിലാണ് നൃത്ത ഇനങ്ങള്‍.മുഖ്യ വേദിയായ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍ ,ഗവ.മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്, എസ്.ഡി.വി.സെന്റിനറി ഹാള്‍, റ്റി.ഡി.എച്ച്.എസ്.എസ്, സെന്റ്.ജോസഫ്.ഗേള്‍സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം എന്നിവിടങ്ങളാണ് നൃത്ത മത്സരങ്ങള്‍ക്കായി ഒരുക്കുക. കിടങ്ങാംപറമ്പ്. എല്‍.പി.എസ് ,കാര്‍മ്മല്‍ സ്‌കൂള്‍ ഹാള്‍ എന്നിവിടങ്ങളില്‍ സംസ്‌കൃതോത്സവവും ,ഗവ: മോഡല്‍.എച്ച്.എസ്.എല്‍.പി.എസിലും കളര്‍കോട് എല്‍.പി.എസുമാകും അറബികലോത്സവത്തിന് വേദിയാവുക. പൊതു വിഭാഗങ്ങളിലെ മറ്റ് മത്സരങ്ങള്‍ക്ക് ആറ് മുതല്‍ ഇരുപത്തിയൊന്‍പത് വരെ വേദികള്‍ നിശ്ചയിച്ചു.കാലത്തിന്റെ യവനികക്കപ്പുറത്തായ സാഹിത്യ-സാംസ്‌കാരിക നായകരുടെ പേരുകളായിരിക്കും വേദികള്‍ക്ക് നല്‍കുക. രണ്ടിന് മന്ത്രി.ജി.സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സംഘാടക സമിതി യോഗം വേദികള്‍ക്ക് നല്‍കുന്ന പേരുകളുടെ കാര്യത്തില്‍ ധാരണയാകും.

മത്സരാര്‍ത്ഥികള്‍ക്ക് താമസമൊരുക്കുന്നത് വേദികള്‍ക്ക് പരമാവധി അടുത്തുള്ള സ്‌കൂളുകളിലാണ്. കാര്‍മല്‍ പോളിടെക്‌നിക്ക്, എസ്.ഡി.കോളേജ്, അറവുകാട് .എച്ച്.എസ്, മാതാ സെന്‍ട്രല്‍ സ്‌കൂള്‍, ചിന്മയ സ്‌കൂള്‍, എസ്.ഡി.വി.സെന്‍ട്രല്‍ സ്‌കൂള്‍, സെന്റ് ആന്റണീസ് സ്‌കൂള്‍, കാര്‍മല്‍അക്കാഡമി എന്നിവിടങ്ങളിലാണ് താമസ സൗകര്യമൊരുക്കുക.കരുതലിനായി മറ്റ് ചില സ്‌കൂളുകളും തിരഞ്ഞെടുത്തിട്ടുണ്ട്. മത്സരാര്‍ത്ഥികളുടെ റജിസ്‌ട്രേഷന്‍ ആറിന് ആരംഭിക്കും.എസ്.ഡി.വി ബോയ്‌സ് സ്‌കൂളിലാണ് റജിസ്‌ട്രേഷന്‍. ഇവിടെ പതിനാല് കൗണ്ടറുകളാണ് ഒരുക്കുന്നത്. ഏഴ്, എട്ട് ദിവസങ്ങളില്‍ ഓരോ കൗണ്ടറുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. കര്‍ശനമായി ഹരിത ചട്ടം പാലിക്കുന്നതിനാല്‍ എല്ലാ വേദികളിലും പ്രത്യേക യൂണിഫോം ധാരികളായ ഹരിതസേനയുടെ പ്രവര്‍ത്തനം ഉറപ്പാക്കും.പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയാതിരിക്കാന്‍ കൊണ്ടുവരുന്ന കുപ്പികളില്‍ സ്റ്റിക്കര്‍ പതിച്ച് പത്ത് രൂപ ഈടാക്കും.പിന്നീട് കുപ്പി തിരികെ നല്‍കി പത്ത് രൂപ കൈപ്പറ്റാം.

ഭക്ഷണ വിതരണത്തിന്റെ ചുമതലയേറ്റെടുത്ത കെ.എസ്.ടി.എ പ്രവര്‍ത്തകര്‍ തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.വിഭവ സമാഹരണം ജില്ലയില്‍ നിന്നു തന്നെ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ സമാഹരിക്കുവാനാണ് തീരുമാനം.നാല് കേന്ദ്രങ്ങളിലാണ് ഭക്ഷണ വിതരണം. പൊലീസിന്റെ സഹായത്തോടെ വേദികളില്‍ നാരങ്ങാ വെള്ളവും,ചുക്ക് കാപ്പിയും വിതരണം നടത്തും.കലോത്സവത്തിന്റെ ചുമതലയുള്ള എ.ഡി.പി.ഐ.ജെസ്സി ജോസഫിന്റെയും ,ഡി.ഡി.ഇ .ധന്യ.ആര്‍.കുമാറിന്റേയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ചിട്ടയായി പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here