ഡിജിപി ബെഹ്‌റയ്‌ക്കെതിരെ കടുത്ത ആരോപണവുമായി മുല്ലപ്പളളി; ഗുജറാത്ത് കലാപക്കേസില്‍ മോദിയെയും അമിത്ഷായെയും രക്ഷിച്ചെന്ന്

0
5

തിരുവനന്തപുരം:ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ബെഹ്‌റ ശ്രമിച്ചുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്‍ഐഎ മേധാവിയായിരുന്നപ്പോള്‍ ഇവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് ബെഹ്‌റ നല്‍കി. ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കേ നേരിട്ടു കണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.സംസ്ഥാനത്തെ ഡിജിപി നിയമനം ഇതിനു പ്രത്യുപകാരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു. ഡിജിപിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.

ബെഹ്‌റ അന്ന് നല്‍കിയ റിപ്പോര്‍ട്ട് ഞങ്ങളെയൊക്കെ വിസ്മയപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായി അദ്ദേഹത്തെ ഡിജിപിയാക്കി പിണറായി വിജയന്‍ അധികാരമേറ്റെടുത്തപ്പോള്‍ ആദ്യ ഫയലായി തന്നെ മോദി ഒപ്പിട്ടുവാങ്ങുകയായിരുന്നു. പിണറായി വിജയനും നരേന്ദ്ര മോദിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റയെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു പറഞ്ഞു. മുന്‍ ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ താന്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കണ്ടിട്ടുണ്ടെന്ന് പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തിയത് ബെഹ്‌റയെ ചൊല്ലി വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ സത്യപ്രതിജ്ഞാ ലംഘനത്തോളം വരുന്ന പിഴവാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഡി ജി പി ബെഹ്‌റ അധികാരമേറ്റെടുത്തതിനു ശേഷം നേരിടുന്ന ഏറ്റവും കടുത്ത ആരോപണമാണിത്. ബഹ്‌റ ഇതിനെ എങ്ങിനെ നേരിടുമെന്ന് കണ്ടറിയേണ്ടതാണ്. പതിവുപോലെ ഒരു പ്രസ്താവനകൊണ്ട് തീരുന്ന വിഷയമല്ലിത്. ഗുജറാത്തിലെ ന്യുനപക്ഷ ധ്വംസനത്തിനു കുട്ടു നിന്ന ഒരു പോലീസ് ഉദ്ദ്യോഗസ്ഥനെ ഡി ജി പി ആക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയേണ്ടി വരും. എന്തായാലും വരും ദിവസങ്ങളില്‍ ബെഹ്‌റ നേരിടാന്‍ പോകുന്നത് അദ്ദേഹത്തിന്റെ ജീവിത്തിലെ തന്നെ ഏറ്റവും കടുത്ത അഗ്നി പരീക്ഷയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here