ശബരിമല വിഷയം: കേന്ദ്രനേതൃത്വം ഇടപെട്ടു; സമരം ശക്തമാക്കാന്‍ ബിജെപി; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയും

0
9

തിരുവനന്തപുരം: കെ. സുരേന്ദ്രന്റെ അറസ്റ്റോടെ തണുത്തുപോയ ബിജെപിയുടെ ശബരിമല സമരം വീണ്ടും ശക്തമാക്കുന്നു. ദേശീയ നേതൃത്വം ഇടപെട്ടതോടെയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ സംസ്ഥാന നേതൃ്തവം തിരുമാനിച്ചത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. സമരം ശക്തമാക്കാനുള്ള തീരുമാനം ബിജെപി സംസ്ഥാന ജന. സെക്രട്ടറിമാരായ എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

കെ സുരേന്ദ്രനെതിരെ കള്ളക്കേസുകള്‍ എടുത്ത് പീഡിപ്പിക്കന്നതിനെതിരെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി വ്യക്തമാക്കി. കേന്ദ്ര നേതാക്കള്‍ എത്തുന്നതോടെ സമരത്തിന് ദേശീയ പരിപ്രേക്ഷ്യം ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിന് സൗകര്യമുണ്ടാക്കുന്ന ഹൈക്കോടതി സമിതിയുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യും. ഹൈക്കോടതിയുടെ സമിതിയുണ്ടായാലും ആചാരം സംരക്ഷിക്കാന്‍ ബിജെപി ഭക്തര്‍ക്കൊപ്പമുണ്ടാകുമെന്നും എം ടി രമേശ് വ്യക്തമാക്കി.

സുരേന്ദ്രന് എതിരായ കേസുകള്‍ വലിയ അപകടത്തെ ആണ് ക്ഷണിച്ച് വരുത്തുന്നതെന്നും സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകരാറിലായാല്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നാളെ ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയെ വഴി തടയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ മഹിളാ മോര്‍ച്ച അധ്യക്ഷ സരോജ പാണ്ഡെയുടെ നേതൃത്വത്തിലായിരിക്കും സമര പരിപാടികളെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ദേശീയ വനിതാ നേതാക്കളെ എത്തിച്ച് സ്ത്രീകളെ അണിനിരത്താനാണ് ബിജെപി നീക്കം.

കെ സുരേന്ദ്രന്റെ അറസ്റ്റോടെ സമരം തണുത്തുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നതും കേന്ദ്രനേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനം സമരം തണുത്തുവെന്ന തോന്നല്‍ സര്‍ക്കാറിനും ബിജെപി അണികള്‍ക്കും ഉണ്ടായി. ഇത് മറികടന്ന് ശബരിമല വിഷയം കൂടുതല്‍ സജീവമായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.

LEAVE A REPLY

Please enter your comment!
Please enter your name here