സ്ഥാപിത താല്പര്യങ്ങള്‍ക്ക് അടിയറവ് വെക്കുന്നവര്‍

0
10

എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടി. തിക്താനുഭവങ്ങളേ ബിജെപി നേതൃത്വത്തിലുള്ള ഈ കൂട്ടായ്മയില്‍ നിന്ന് ഉണ്ടായിട്ടുള്ളൂ എന്നാണ് ജാനു ഇപ്പോള്‍ വിലപിക്കുന്നത്. അതേയവസരം ഇനി എല്‍ഡിഎഫുമായോ യുഡിഎഫുമായോ എന്‍ഡിഎയുമായി തന്നെയോ സഖ്യം സ്ഥാപിക്കുമത്രേ പാര്‍ട്ടി. പട്ടികജാതിവര്‍ഗക്കാര്‍ക്ക് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു മുഴുവനും അവഗണനയാണു നേരിടുന്നതെന്ന് തിരിച്ചറിഞ്ഞശേഷവും അവര്‍ക്കു വേണ്ടി വാതില്‍ തുറന്നിടുന്നു എന്നതാണ് ഈ നിലപാടിലെ വൈരുധ്യവും അപഹാസ്യതയും. പ്രത്യയശാസ്ത്രപരമായ യാതൊരു അടിത്തറയുമില്ലാത്ത, ‘സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച് നാണം കെട്ടു നടക്കുന്ന ഒരാള്‍ക്കൂട്ടത്തിന്റെ’ പ്രാതിനിധ്യമാണോ സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള അധഃസ്ഥിത രാഷ്ട്രീയത്തിനുള്ളത് എന്നതല്ലേ സങ്കടകരം?
ആദിവാസികള്‍ക്കിടയില്‍ നിന്നു സ്വന്തം രക്തം തിരിച്ചറിയുകയും സംഘം ചേരുകയും വംശത്തനിമയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഉയര്‍ന്നുവരുകയും ചെയ്ത അസാമാന്യയായ നേതാവാണ് സി കെ ജാനു. ആദിവാസി വനിതയെന്ന പരിമിതികളെല്ലാം മറികടന്ന് അവര്‍ ഇന്ത്യക്ക് പുറത്തും ശ്രദ്ധേയയായി. പക്ഷേ, വളരെ വേഗത്തില്‍ തന്നെ മുഖ്യധാരാ രാഷ്ട്രീയമൊരുക്കിയ ചതിക്കുഴികളില്‍ വീണുപോവുകയായിരുന്നു അവര്‍. തുടര്‍ന്ന് അവര്‍ കാവിരാഷ്ട്രീയത്തിന്റെ ഭാഗമായപ്പോള്‍ പലരും അദ്ഭുതപ്പെട്ടുകാണും. ഈ പോക്കില്‍ അവര്‍ സ്വയം വഞ്ചിക്കേണ്ടിവന്നു. ആത്മവഞ്ചനയില്‍ നിന്നാണ് വര്‍ഗവഞ്ചനയുടെ തുടക്കം. ഇങ്ങനെയൊരു വര്‍ഗവഞ്ചനയുടെ പശ്ചാത്തലത്തിലാണ് എന്‍ഡിഎയുമായുള്ള ജാനുവിന്റെ വേര്‍പിരിയല്‍. അതു ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടിയെ വീണ്ടുമൊരു മുന്നണിയുടെ തൊഴുത്തില്‍ കെട്ടുന്നതിലാണ് അവസാനിക്കുന്നതെങ്കില്‍ അധഃസ്ഥിത രാഷ്ട്രീയത്തിന്റെ കേരളീയ പരിസരത്ത് ജാനുവിനോ അവരുടെ പ്രസ്ഥാനത്തിനോ യാതൊരു സ്ഥാനവുമില്ല. ചഞ്ചലചിത്തയായ മറ്റൊരു മായാവതി കേരളത്തിനാവശ്യമില്ല.
സി കെ ജാനു എന്‍ഡിഎയില്‍ നിന്നു വിട്ടുപോവുമ്പോള്‍ കറുപ്പുടുത്ത്, ശരണം വിളിച്ച് കാവിരാഷ്ട്രീയത്തില്‍ അഭയംതേടുകയാണ് പി സി ജോര്‍ജിന്റെ ജനപക്ഷം. രാഷ്ട്രീയക്കാര്‍ പുറമേക്കു കാട്ടുന്ന സാംസ്‌കാരിക ചട്ടക്കൂടിന്റെ മാന്യതയ്ക്കുള്ളില്‍ പലപ്പോഴും ഒതുങ്ങിനിന്നിരുന്നില്ലെങ്കിലും ജനകീയ പ്രശ്‌നങ്ങളോട് സക്രിയമായി പ്രതികരിച്ച നേതാവായിരുന്നു പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ. അരികിലേക്കു മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശബ്ദമാവാന്‍ ജോര്‍ജ് പലപ്പോഴും കുറേയേറെ അധ്വാനിച്ചതായി കാണാം. ഇത്തരം പ്രവൃത്തികളെയെല്ലാം റദ്ദാക്കുന്ന വഷളത്തമാണ് പുതിയ ചുവടുമാറ്റം. ജാനുവിനെയും പി സി ജോര്‍ജിനെയും പോലെയുള്ള ജനപ്രിയ നേതാക്കന്‍മാര്‍ തങ്ങളോടൊപ്പമുള്ള ജനസമൂഹങ്ങളുടെ നാഡീസ്പന്ദനങ്ങള്‍ തൊട്ടുമനസ്സിലാക്കുന്നില്ലെന്നതാണ് സങ്കടകരം. അധികാരമോഹംകൊണ്ടുള്ള അപക്വമായ ഇത്തരം കൂറുമാറ്റങ്ങള്‍ വഴി അവര്‍ ചെയ്യുന്നത് നാട്ടിലുയര്‍ന്നുവരേണ്ട സൂക്ഷ്മരാഷ്ട്രീയത്തെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കു മുമ്പാകെ അടിയറവയ്ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here