പിസി ജോര്‍ജ് റബര്‍ കൃഷിയെ തള്ളിപ്പറയുമ്പോള്‍

0
11

റബ്ബര്‍ കൃഷി ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്നും റബ്ബര്‍ കര്‍ഷകര്‍ക്ക് നയാപൈസ പോലും പൊതുഖജനാവില്‍ നിന്ന് നല്‍കരുതെന്നും
പി. സി. ജോര്‍ജ് എം.എല്‍എ ഇന്നലെ നിയമസഭയില്‍ പറഞ്ഞു. റബ്ബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് ദേശീയ നഷ്ടമാണെന്നാണ് പൂഞ്ഞാര്‍ എം.എല്‍.എയുടെ അഭി
പ്രായം. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ മുഴുവന്‍ വെട്ടിനശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി. സി. ജോര്‍ജ് എം.എല്‍.എ ഒന്നും മുന്നില്‍ക്കാണാതെ സംസാരിക്കുന്ന നേതാവല്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി ചെറുതാണെങ്കിലും നിലപാടുകള്‍ എല്ലാം വലുതാണ്. വലിയ വായില്‍ നിലയ്ക്കാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ജോര്‍ജ് റബ്ബര്‍ കര്‍ഷകര്‍ക്കെതിരെ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് സകലരേയും വിസ്മയിപ്പിക്കുന്നു. ആരെയാണ് ജോര്‍ജ് ഉന്നംവയ്ക്കുന്നത്? ഈയിടെ ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് തന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കാവിപുതപ്പു ചൂടിച്ച ജോര്‍ജ് റബ്ബര്‍ കര്‍ഷകര്‍ക്കെതിരെ തിരിഞ്ഞതിനും രാഷ്ട്രീയ-സാമ്പത്തിക മാനങ്ങളുണ്ട്. കേരളാ കോണ്‍ഗ്രസ് കര്‍ഷകരുടെ താല്പര്യം പരിരക്ഷിക്കുന്ന പാര്‍ട്ടിയായിട്ടാണ് കേരളത്തില്‍ വളര്‍ന്നതും നിലനില്‍ക്കുന്നതും. ആ പാര്‍ട്ടി പല ശാഖകളായി പിളര്‍ന്ന് പടര്‍ന്നത് മലയോരകര്‍ഷകരുടെ തണലിലാണ്. ആ പാര്‍ട്ടിയുടെ മൂട്ടില്‍ പൊട്ടിമുളച്ച നേതാവാണ് പി. സി. ജോര്‍ജ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പൂഞ്ഞാര്‍ മണ്ഡലം കര്‍ഷക പ്രധാനമായ പ്രദേശമാണ്. അവിടത്തെ വോട്ടര്‍മാരില്‍ റബ്ബര്‍ കര്‍ഷകര്‍ നിര്‍ണായകവുമാണ്. അവര്‍ക്ക് അപ്രിയമായ കാര്യങ്ങള്‍ നിയമസഭയില്‍ യാതൊരു സങ്കോചവും ഇല്ലാതെ വെട്ടിത്തുറന്ന് പറഞ്ഞ ജോര്‍ജിന്റെ തന്റേടത്തെ മാനിക്കുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേരളത്തിലെ ഒമ്പത് ലക്ഷത്തോളം വരുന്ന റബ്ബര്‍ കര്‍ഷകര്‍ ഒരിക്കലും അംഗീകരിക്കില്ല.

റബ്ബര്‍ കൃഷി പരിസ്ഥിതിയെ തകര്‍ക്കും എന്നത് പരമാര്‍ത്ഥം. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഒരിക്കല്‍ ഈ കൃഷി മുതല്‍ക്കൂട്ടായിരുന്നു. ഇപ്പോഴല്ല. റബ്ബര്‍ കൃഷി നിലവില്‍ കര്‍ഷകര്‍ക്ക് പോലും വലിയ ബാദ്ധ്യതയാണ്. ജോര്‍ജ് പറഞ്ഞതുപോലെ ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും ഫിലിപ്പീന്‍സിലുമൊക്കെ റബ്ബര്‍ കൃഷി വ്യാപി
ച്ചപ്പോള്‍ നമ്മുടെ സ്വാഭാവിക റബ്ബറിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലയില്ലാതായി. കൃഷിക്കാര്‍ കഷ്ടത്തിലുമായി. ജോലിക്കൂലി പോലും മുതലാവില്ല. റബ്ബര്‍ വെട്ടാന്‍ കൂലിക്ക് ആളെ കിട്ടാതെയുമായി. ഈ സാഹചര്യത്തില്‍ പി. സി. ജോര്‍ജ് പറഞ്ഞത് അപ്രിയസത്യമാണെങ്കിലും കേരളം ഗാഢമായി ആലോചിക്കേണ്ട പ്രധാനപ്പെട്ട ഒരു വിഷയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here