വനിതാ മതില്‍: സാമുദായിക സംഘടനകളെ അനുനയിപ്പിക്കാന്‍ സംഘപരിവാര്‍ നീക്കം

0
9

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന വനിതാ മതില്‍ അടക്കമുള്ള പരിപാടികളെ പ്രതിരോധിക്കാന്‍ സാമുദായിക സംഘടനാ നേതാക്കളെ കാണാന്‍ സംഘപരിവാര്‍ തീരുമാനം. ആചാരലംഘനത്തിനാണ് നീക്കമെന്നും അതില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ടാണ് സാമുദായിക നേതാക്കളെ കാണാനുള്ള ശബരിമല കര്‍മ സമിതിയുടെ നീക്കം. നവോത്ഥാന യോഗമുള്‍പ്പടെയുള്ള പരിപാടികള്‍ക്കെതിരെ കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
ശബരിമല പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാന്‍ വനിതാ മതില്‍ അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുടെ ഒരു വിഭാഗം ഹിന്ദു സംഘടനാ നേതാക്കളുടെ പിന്തുണയും സര്‍ക്കിരിന് ലഭിച്ചിരുന്നു. വെള്ളാപ്പള്ളി അടക്കം സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത സാമുദായിക സംഘടനാ നേതാക്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായി ശബരിമല കര്‍മ സമിതി വ്യക്തമാക്കി.

ഏവരേയും തെറ്റിദ്ധരിപ്പിച്ച് ആചാരലംഘനത്തിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വാദമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ശബരിമല കര്‍മ സമിതി നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിപാടികളെ നിയമപരമായി നേരിടാനും തീരുമാനമുണ്ട്. സാമുദായിക സംഘടനകളുടെ പിന്തുണ നേടാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ ചെറുക്കുന്നതിനൊപ്പം ഹിന്ദു സംഘടനകളുടെ ഐക്യം സാധ്യമാക്കി മുന്നോട്ടുപോകണമെന്ന നിര്‍ദേശമാണ് മറ്റു പരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസ് നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here