ഉദ്ഘാടനത്തിനു മുന്നേ കണ്ണൂര്‍ വിമാനത്താവള കവാടത്തില്‍ ഉപരോധ സമരം

0
6

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തൊഴില്‍ നല്‍കുന്നതില്‍ നാട്ടുകാരെ അവഗണിക്കുന്നു എന്നാരോപിച്ച് വിമാനത്താവള കവാടം നാട്ടുകാര്‍ ഉപരോധിച്ചു. എല്‍.ആന്റ്.ടി യില്‍ താല്ക്കാലികമായി ജോലി ചെയ്ത നാട്ടുകാര്‍ക്ക് മുന്‍ഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ കല്ലേരിക്കര യൂണിറ്റ്, ഐശ്വര്യ വായനശാല എന്നിവയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിമാനത്താവള കവാടം ഉപരോധിച്ചത്. രണ്ട് മണിക്കൂറോളം കവാടം ഉപരോധിച്ചതോടെ മട്ടന്നൂര്‍ എസ്.ഐ ശിവന്‍ ചോടോത്ത് സ്ഥലത്തെത്തി കിയാല്‍ എം.ഡി യുമായി സംസാരിച്ചു. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

എല്‍.ആന്റ്.ടി യില്‍ ജോലി ചെയ്ത ചിലരെ വിവിധ കമ്പനികളിലേക്ക് പരിഗണിച്ചിരുന്നെന്നും എന്നാല്‍ നാട്ടുകാരെ പൂര്‍ണ്ണമായും അവഗണിക്കുകയാണ് ചെയ്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തന ഘട്ടത്തില്‍ പാറ പൊട്ടിച്ചതിലൂടെ സമീപ മേഖലയിലെ മിക്ക വീടുകള്‍ക്കും ക്ഷതം സംഭവിച്ചെങ്കിലും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കിയാല്‍ ഇനിയും തയ്യാറായിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു. ഇത്രയും വലിയൊരു പദ്ധതിയില്‍ നാട്ടുകാരെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് കിയാല്‍ സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. സി.പി. ഷിബിന്‍, എം. പ്രദീപന്‍, കെ. സരിന്‍, പി. ബൈജു, പി. ജയേഷ്, കെ. പ്രീത, സി.പി. ചന്ദ്രിക, സി.പി. ഷിബ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here