അക്ഷയ കേന്ദ്രങ്ങള്‍ സംരംഭക സൗഹൃദമാകുന്നു; ഡിജിറ്റല്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്

0
5

കല്‍പ്പറ്റ: പതിനാറു വര്‍ഷത്തെ സേവനപാരമ്പര്യവുമായി അക്ഷയ കേന്ദ്രങ്ങള്‍ ഇനി ഡിജിറ്റല്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക് കടക്കുന്നു. 2018 ഏപ്രില്‍ 4 ന് എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ബിസിനസ്സ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് കേരളത്തില്‍ ഉടനീളം അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. 2018 ഏപ്രിലില്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നടത്തിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതാപഠനം വന്‍വിജയമായ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ സംസ്ഥാനവ്യാപകമായി അക്ഷയ മുഖാന്തിരം നല്‍കാന്‍ തയ്യാറാകുന്നത്. ആദ്യഘട്ടത്തില്‍ എറണാകുളത്തിന് പുറമെ തിരുവനന്തപുരം, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.

ബിസിനസ്സ് സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും, മിതമായ നിരക്കില്‍ പരിചയസമ്പന്നരായ പ്രോഫഷണല്‍സിന്റെ സേവനം അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ജി.എസ്.ടി. സേവനങ്ങള്‍, കമ്പനി രൂപീകരണം, പാര്‍ട്ണര്‍ഷിപ്പ് രൂപീകരണം, ഇന്‍കം ടാക്‌സ് ഫയലിംഗ് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍, ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍, ഇഫയലിങ്ങ് സര്‍വീസ്, തുടങ്ങി നൂറില്‍ പരം ബിസിനസ് സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ദ്രുതഗതിയില്‍ അക്ഷയയില്‍ ലഭ്യമാകും. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ്, കമ്പനി സെക്രട്ടറീസ്, ലോയേഴ്‌സ്, ഐ.ടി. വിദഗ്ദര്‍, ആര്‍ക്കിടെക്ട്‌സ്, തുടങ്ങി അനേകം പ്രൊഫെഷണല്‍സിന്റെ ഒരു വലിയ നിര സേവനങ്ങള്‍ ലഭ്യമാക്കാന്‍ അക്ഷയക്കായി അണിനിരക്കും.

സേവനം പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ വിദഗ്ധ ഉപദേഷ്ടാക്കളുടെ നേരിട്ടുള്ള ഫോണ്‍ കോള്‍ ഉപഭോക്താവിന് ലഭിക്കും എന്നുള്ളത് എടുത്തുപറയേണ്ട സവിശേഷതയാണ്.

വിദഗ്ധരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയശേഷം ഉപഭോക്താവ് തന്നെയാണ് ഏതുതരത്തിലുള്ള സേവനം ആണ് വേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. തുടര്‍ന്ന് സേവനങ്ങള്‍ അക്ഷയ സെന്ററുകള്‍ മുഖാന്തിരം ഉപഭോക്താവിന് ലഭ്യമാക്കുന്നു. സമയബന്ധിതവും ചിലവുകുറഞ്ഞതുമായ സേവനങ്ങള്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താവിന് ലഭിക്കുന്നു.

ചെറുകിട വ്യവസായങ്ങള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ വിദഗ്ധ ഉപദേഷ്ടാക്കളുടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം സംരംഭകര്‍ക്ക് കൂടുതല്‍ സമയലാഭവും ആയാസരഹിതമായ തുടര്‍സേവനങ്ങളും നല്‍കുന്നു. ഇതിനു പുറമെ സാങ്കേതികമായി അറിവും പരിശീലനവും ലഭിച്ചവര്‍ക്ക് അക്ഷയ മുഖാന്തിരം വീട്ടില്‍ തന്നെ സ്വന്തമായി തൊഴിലും നല്കാന്‍ പര്യാപ്തമാണ് ഈ സംവിധാനം. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പുതിയ ഒരു തൊഴില്‍ സാധ്യതയും ഇതിലൂടെ ലക്ഷ്യമാക്കുവാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here