കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 112 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 37 കോടി രൂപയില്‍ നിന്നും 199.8 ശതമാനമാണ് വാർഷിക വർധന. ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 20.5 ശതമാനം വര്‍ധനയോടെ 288 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 239 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 32.3 ശതമാനം വര്‍ധനയോടെ 597 കോടി രൂപയിലെത്തി.

ബാങ്കിന്റെ മൊത്തം ബിസിനസ് 38.3 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. 37,009 കോടി രൂപയിലെത്തി. മുൻ വർഷം മൂന്നാം പാദത്തിൽ 26763 കോടി രൂപയായിരുന്നു. വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ് കൈവരിച്ചത്. മൊത്തം വായ്പകൾ മുൻ വർഷത്തെ 12,544 കോടി രൂപയിൽ നിന്നും 36.7 ശതമാനം വര്‍ധിച്ച് 17,153 കോടി രൂപയിലെത്തി.

തൃപ്തികരമായ വളർച്ചയാണ് കൈവരിച്ചത്. ഞങ്ങളുടെ ബിസിനസ് 38 ശതമാനം വളർച്ച രേഖപ്പെടുത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഈ വളർച്ചയ്ക്ക് തുടർച്ച ഉറപ്പാക്കാനും ശക്തിപ്പെടുത്താനും തന്ത്രപ്രധാന ശ്രമങ്ങളാണ് ബാങ്ക് നടത്തിവരുന്നത്. വെല്ലുവിളികളെ മുൻകൂട്ടി കാണാനും കൈകാര്യം ചെയ്യാനും ആവശ്യമായ പ്രവർത്തന ക്ഷമത മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ നടപടികൾ വരും പാദങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുമെന്ന ആത്മവിശ്വാസമുണ്ട്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
മൊത്തം നിക്ഷേപങ്ങള്‍ 41 ശതമാനം വര്‍ധിച്ച് 18860 കോടി രൂപയിലെത്തി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളും നിലവാരം മെച്ചപ്പെടുത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 4.2 ശതമാനമായും, അറ്റ നിഷ്ക്രിയ ആസ്തി 2.2 ശതമാനമായും കുറച്ച് ഗുണനിലവാരം മെച്ചപ്പെടുത്തി.

രാജ്യത്തുടനീളം 21 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇസാഫ് ബാങ്കിന് 731 ബാങ്കിങ് ഔട്ട്ലെറ്റുകളും, 917 ഉപഭോക്തൃ സേവന കേന്ദ്രങ്ങളും, 30 ബിസിനസ് കറസ്പോണ്ടന്റുകളും, 4003 ബാങ്കിങ് ഏജന്റുമാരും, 723 ബിസിനസ് ഫെസിലിറ്റേറ്റർമാരും 600 എടിഎമ്മുകളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here