കൊട്ടാരക്കരയില്‍ തീപിടുത്തം, മുപ്പതോളം കടകള്‍ കത്തിനശിച്ചു

0
8

കൊട്ടാരക്കര : ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ കൊട്ടാരക്കര ചന്തക്കുള്ളിലുണ്ടായ തീ പിടുത്തത്തില്‍ 30 ഓളം സ്റ്റാളുകള്‍ കത്തിനശിച്ചു.തീ പടര്‍ന്നു പിടിക്കുന്നത് ശ്രദ്ധയില്‍പെട്ട ഓട്ടോഡ്രൈവര്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. പോലീസ്, ഫയര്‍ ഫോഴ്‌സ് അധികൃതരുടെ ശ്രമഫലമായി കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു.ചന്തക്കുള്ളില്‍ അടിക്കടിയുണ്ടാവുന്ന തീപിടുത്തം ദുരൂഹമാണെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നു.ഒന്നിടവിട്ടുള്ള കടകള്‍ കത്തിയിരിക്കുന്നത് ആരോപണങ്ങളെ ശരിവെക്കുന്നു.

ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.വില്ലേജ്, താലൂക് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു നാശനഷ്ടങ്ങള്‍ വിലയിരുത്തി.കൊടിക്കുന്നില്‍ സുരേഷ് എം പി,ഐഷ പോറ്റി എം എല്‍ എ,ചിറ്റയം ഗോപകുമാര്‍ എം എല്‍ എ,പുനലൂര്‍ ആര്‍ ഡി ഒ ശശികുമാര്‍,തഹസില്‍ദാര്‍ ബി അനില്‍കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.തുടരെയുണ്ടാവുന്ന തീപിടുത്തത്തില്‍ കച്ചവടക്കാര്‍ ആശങ്കയിലാണ്.സി സി ടി വി സ്ഥാപിക്കുക, സെക്യൂരിറ്റി ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ കച്ചവടക്കാര്‍ നഗരസഭയോട് ആവശ്യപ്പെട്ടു.നഗരസഭാ വൈസ് ചെയര്‍മാന്‍ സി. മുകേഷ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ് ആര്‍ രമേശ്, കൗണ്‍സിലര്‍മാരായ ഷാജു,ബി രാമകൃഷ്ണപിള്ള,ചാലൂക്കോണം മന്മഥന്‍ നായര്‍ എന്നിവര്‍ സകലവിധ പിന്തുണയും വാഗ്ദാനം ചെയ്തു.തീപിടുത്തത്തില്‍ കാര്യക്ഷമമായ അന്വേഷണമുണ്ടാവണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിന്റെ നിജസ്ഥിതി പോലീസ് അന്വേഷിച്ച് കണ്ടുപിടിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും വ്യാപാരികള്‍ക്കുണ്ടായ നഷ്ടം ഗവണ്‍മെന്റില്‍ നിന്നും നിശ്ചയിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടാരക്കര യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here