നക്ഷത്രങ്ങള്‍ മിന്നുന്നു വേല്‍ സഹോദരങ്ങളിലൂടെ

0
55

വിജോ ജോര്‍ജ്

കണ്ടശ്ശാംകടവില്‍ ക്രിസ്തുമസ് നക്ഷത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വേല്‍ സഹോദരന്‍മാര്‍.

അന്തിക്കാട്: നാടും നഗരവും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ശക്തി വേലുവും സംഘവും തിരക്കിലാണ്. ക്രിസ്തുമസിന് വേണ്ട പുല്‍ക്കൂടും നക്ഷത്രങ്ങളും ഒരുക്കുവാന്‍ രാവും പകലുമില്ലാതെയാണ് ഇവര്‍ ജോലിയില്‍ മുഴുകുന്നത്.
കണ്ടശ്ശാംകടവ് പാലത്തിന് സമീപത്താണ് ഇവരുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കാണ് മുളയില്‍ തീര്‍ത്ത നക്ഷത്രങ്ങളും പുല്‍കൂടുകളും ഇവിടെ ഒരുങ്ങുന്നത്.
മേട്ടുപാളയം സ്വദേശികളായ ശക്തിവേലും നാഗവേലും മുളയില്‍ വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങളും പുല്‍കൂടുകളുമാണ് തീര്‍ക്കുന്നത്. കണ്ടശ്ശാംകടവില്‍ ഇവരെത്തിയിട്ടു വര്‍ഷം 7 കഴിഞ്ഞു. ഇവിടെയുള്ള ഒരു കട മുറിയിലാണ് വാടകയ്ക്ക് ഇവരുടെ താമസം. ഏഴുവര്‍ഷം മുന്‍പ് ഇവിടെ തുടങ്ങിയ മുള ഉല്‍പന്ന നിര്‍മ്മാണത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.
ക്രിസ്തുമസ് വിപണിയിലേക്കുള്ള നക്ഷതങ്ങളുടെ നിര്‍മ്മാണ തിരക്കാണ് ഇവര്‍ക്കിപ്പോള്‍. പല വലിപ്പത്തിലുള്ള നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നേരിട്ടും വീട്ടിലെത്തിച്ചും വില്‍പ്പന നടത്തുന്നുണ്ട്.
200 രൂപമുതല്‍ 2000 രൂപവരെയുള്ള നക്ഷത്രങ്ങള്‍ ഇവര്‍ വില്പന നടത്തുന്നുണ്ട്. ഒരു നക്ഷത്രം നിര്‍മ്മിക്കാന്‍ രണ്ടുമണിക്കൂര്‍ വരെ സമയമെടുക്കും.
നേരിട്ട് വാങ്ങാന്‍ എത്തുന്നവര്‍ ക്ഷമയോടെ കാത്തുനിന്നാണ് ഇവ വാങ്ങിക്കൊണ്ടുപോകുന്നത്. പുല്‍ക്കൂട് നിര്‍മ്മാണത്തിനാവശ്യമായ കൂടുകളും ഇവിടെ വില്പനയ്ക്കുണ്ട്.
6 അടി വരെയുള്ള കൂടുകള്‍ 200 മുതല്‍ 600 രൂപ വരെ ഈടാക്കിയാണ് കച്ചവടം. മുള, ആണി, നൂല്‍കമ്പി, കെട്ടുകമ്പി എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. കച്ചവടത്തില്‍ ഇതുവരെ നഷ്ടം ഇല്ലെന്നും ഇവര്‍ പറഞ്ഞു.
സീസണ്‍ കഴിഞ്ഞാലും ഇവര്‍ക്ക് പണി തിരക്കിന് കുറവൊന്നുമില്ല. ക്രിസ്മസ് സീസണില്‍ ചില്ലറവില്പന കഴിയുമ്പോള്‍ തൃശ്ശൂരില്‍ പുത്തന്‍പള്ളി സമീപത്തിരുന്ന് നക്ഷത്രവും കൂടും ഇവര്‍ ചില്ലറവില്പന നടത്തുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here