സി.എന്‍. തൃശൂരിന്റെ ജനപ്രിയനേതാവ്

0
6

തൃശൂരിന്റെ കലാ,സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനോന്മുഖനായ സംഘാടകനായും, പൊതുപ്രവര്‍ത്തനരംഗത്ത് ആദര്‍ശധീരനായ ജനപ്രിയ നേതാവായും തിളങ്ങിയ അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു സി.എന്‍. പാവങ്ങളുടെ പടത്തലവന്‍ എന്ന പേരിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു അദ്ദേഹം.
ഖാദി വ്യവസായ മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കി. തൃശൂര്‍ ജില്ലയിടെ വികസനപ്രവര്‍ത്തനങ്ങളില്‍ സി.എന്‍.ബാലകൃഷ്ണന്റെ പങ്ക് നിസ്തുലമാണ്.

ദീര്‍ഘകാലം കെ.പി.സി.സി ട്രഷററും, പതിനേഴ് വര്‍ഷം തുടര്‍ച്ചയായി തൃശൂര്‍ ഡി.സി.സി അധ്യക്ഷനുമായി പ്രവര്‍ത്തിച്ച സി.എന്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രഗത്ഭനായ സംഘാടകനായിരുന്നു. സ്ഥാനമോഹികള്‍ക്കിടയില്‍ നിന്ന് മാറി നിന്ന് പാര്‍ട്ടിക്കായും പ്രവര്‍ത്തകര്‍ക്കു വേണ്ടിയും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. അഞ്ച് പതിറ്റാണ്ടിലധികം കാലം അദ്ദേഹം സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചു. 2011-ല്‍ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അത്രയും കാലം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.2011-ല്‍ വടക്കാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ സി.എന്‍ സഹകരണവകുപ്പ് മന്ത്രിയായി. വടക്കാഞ്ചേരിയില്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായത് സി.എന്റെ അക്ഷീണ പ്രയത്‌നത്തിന് ഉദാഹരണമാണ്. വടക്കാഞ്ചേരിക്കാരുടെ ചിരസ്വപ്‌നമായിരുന്നു വടക്കാഞ്ചേരിയിലെ മേല്‍പ്പാലം. കേന്ദ്രസര്‍ക്കാരിലടക്കം സമ്മര്‍ദം ചെലുത്തിയാണ് സി.എന്‍ മേല്‍പ്പാലം പൂര്‍ത്തീകരിച്ചത്.

കെ.കരുണാകരന്റെ പ്രിയങ്കരനായ അനുയായി ആയിരുന്നു സി.എന്‍. ഐ ഗ്രൂപ്പിന്റെ അമരക്കാരനായി നിന്ന് സി.എന്‍ കരുണാകരന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കി. നഗരത്തില്‍ സി.എന്റെ നേതൃത്വത്തില്‍ കെ.കരുണാകരന്‍ സ്മാരക സപ്തതി മന്ദിരം നിര്‍മ്മിച്ചത് തന്റെ രാഷ്ട്രീയഗുരുവായിരുന്ന ലീഡറോടുള്ള കടപ്പാടിന്റെ പ്രതീകമായിട്ടായിരുന്നു. ജില്ലയിലെ സഹകരണബാങ്കിന്റെ വികസനത്തിനും അദ്ദേഹം നേതൃത്വം നല്‍കി.തിരുവനന്തപുരത്ത് കെ.പി.സി.സി മന്ദിരം, സഹകരണഭവന്‍, അവിണിശ്ശേരി വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍ സ്്മാരക മന്ദിരം, ചാലക്കുടി പനമ്പിള്ളി സ്മാരക ഗവേഷണ കേന്ദ്രം, ഒല്ലൂര്‍ പി.ആര്‍. ഫ്രാന്‍സിസ് ്‌സ്മാരക മന്ദിരം എന്നിവ സി.എന്‍ ബാലകൃഷ്ണന്റെ സംഘാടക രംഗത്തെ മികവിന് തെളിവാണ്.

പുഴയ്ക്കല്‍ വായനശാലയില്‍ ലൈബ്രേറിയനായി പ്രവര്‍ത്തിച്ച അദ്ദേഹം ഗ്രന്ഥശാലകളുടെ ഉന്നമനത്തിന് ഏറെ സേവനങ്ങള്‍ ചെയ്തു. കാര്‍ഷിക, സഹകരണ മേഖലയിലും സി.എന്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഖാദിഗ്രാമ വ്യവസായവികസന അസോസിയേഷന്റെയും 30 വര്‍ഷത്തിലേറെ സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡന്റായിരുന്നു. ഗ്രന്ഥശാലാസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. സഹകാരിരത്‌ന പുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള കെ.കെ. ബാലകൃഷ്ണന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.പതിറ്റാണ്ടുകളോളം സ്ഥാനമാനങ്ങള്‍ വെടിഞ്ഞ് പാര്‍ട്ടിയ്ക്കു വേണ്ടി മാത്രം പ്രവര്‍ത്തിച്ച സി.എന്റെ സേവനം പൊതുരംഗത്തുളളവര്‍ക്ക് എന്നും മാതൃകയാണ്.മികച്ച സഹകാരിയായ സി.എന്റെ വിയോഗം സാംസ്‌കാരിക നഗരത്തിന് തീരാനഷ്ടം തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here