രഹന ഫാത്തിമയ്ക്ക് ഉപാധികളോടെ ജാമ്യം

0
10

കൊച്ചി: രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ രഹന ഫാത്തിമ റിമാന്‍ഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മലകയറാന്‍ എത്തിയത്. പൊലീസ് സംരക്ഷണത്തില്‍ നടപന്തല്‍വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മടങ്ങേണ്ടി വരികയായിരുന്നു.

മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇവര്‍ക്കെതിരായ കേസിനാസ്പദമായത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തത്.

തത്വമസി എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രഹന ഫാത്തിമ പലരുടെയും കണ്ണിലെ കരടായി മാറി. മത വികാരം വ്രണപെടുത്തിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here