നിയന്ത്രണങ്ങളില്‍ അയവ്; ശബരിമല സാധാരണനിലയിലേക്ക്; പൊലീസ് സാന്നിധ്യം കുറച്ചു

0
13

പമ്പ: ശബരിമല സാധാരണനിലയിലേക്ക് തിരിച്ചുവരുന്നു. സംഘര്‍ഷസാധ്യത കുറഞ്ഞതു പരിഗണിച്ച് ശബരിമലയില്‍ പൊലീസ് സാന്നിധ്യം കുറച്ചു. ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളിലും അയവു വരുത്തി. ശബരിമലയിലേക്കുള്ള ഭക്തജന തിരക്ക് പരിഗണിച്ചാണ് ഇത്തരത്തിലൊരു മാറ്റം വരുത്തിയത്.

സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രാവിലെ നട തുറക്കുന്നത് മുതല്‍ 11.30 മണി വരെ വടക്കേ നടയിലെ തിരുമുറ്റത്ത് തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാം എന്ന് ഐ ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു. വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.ശബരിമലയില്‍ രാത്രി 11 മണിക്ക് ശേഷം തീര്‍ത്ഥാടകരെ തടയരുതെന്നും കെഎസ്ആര്‍ടിസി ടൂ വേ ടിക്കറ്റ് നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം സേവനം തുടങ്ങി. ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡിഐജി എസ് സുരേന്ദ്രനാണ്. സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡിസിപി ജി ജയ്‌ദേവും ക്രൈംബ്രാഞ്ച് എസ്പി പി ബി രാജീവുമാണ് ഉണ്ടാവുക. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ ആകെ സേവനത്തിനുണ്ടാകും.

കഴിഞ്ഞ രണ്ടു ഘട്ടത്തില്‍ വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ 5,200 പൊലീസുകാര്‍ ഉണ്ടായിരുന്നു. ക്രമസമാധാന ചുമതലയ്ക്കു മാത്രമായി നിയോഗിച്ചവരിലാണ് കുറവുവരുത്തിയത്. മരക്കൂട്ടത്ത് സുരക്ഷാ ചുമതലയ്ക്ക് നേരത്തേ എസ്പി.യായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഇത് ഒഴിവാക്കി. മൂന്നാംഘട്ടത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ചുമതലയേറ്റുതോടെയാണ് മാറ്റങ്ങള്‍. ഐജി ശ്രീജിത്തിനാണ് ഇപ്പോള്‍ സന്നിധാനത്തേയും പമ്പയിലേയും സുരക്ഷാ ചുമതല.

യുവതീ പ്രവേശം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ ശബരിമലയില്‍ ദിവസങ്ങളോളം സംഘര്‍ഷമുണ്ടായിരുന്നു. ചിത്തിരആട്ട വിശേഷത്തിനും സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയത്. രണ്ടാം ഘട്ടത്തില്‍ സംഘര്‍ഷാവസ്ഥ അയഞ്ഞെങ്കിലും മുന്‍കരുതലെന്ന നിലയില്‍ പൊലീസ് സാന്നിധ്യം കുറച്ചിരുന്നില്ല. കര്‍ശന നടപടികള്‍ എടുത്തു. എന്നാല്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തുമ്പോള്‍ സ്ഥിതി മാറുകയാണ്. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരേ നാമജപം ഉണ്ടെങ്കിലും സമാധാനപരമായാണ് നടക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് പൊലീസിന്റെ എണ്ണം കുറച്ചത്.

മരക്കൂട്ടം മുതല്‍ സന്നിധാനം വരെ മൂന്ന് എസ്പി.മാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടായി. സന്നിധാനത്ത് വനിതാ പൊലീസിന്റെ എണ്ണം 15-ല്‍ നിന്ന് ആറാക്കി. എന്നാല്‍, നിരോധനാജ്ഞ പിന്‍വലിക്കാന്‍ സാധ്യത കുറവാണ്. പമ്പയില്‍ നിന്ന് യുവതികള്‍ മലകയറുന്നില്ലെന്ന് പൊലീസും ഉറപ്പാക്കുന്നുണ്ട്. സ്ത്രീകളുടെ പ്രായം പരിശോധിച്ചാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സന്നിധാനത്ത് ക്രമസമാധാന പ്രശ്നമൊന്നും ഉണ്ടാകുന്നില്ല.

നിലയ്ക്കലിലും എരുമേലിയിലും പുതിയ പൊലീസ് സംഘം ചുമതലയേറ്റിട്ടുണ്ട്. നിലയ്ക്കലില്‍ എഴുനൂറും എരുമേലിയില്‍ മുന്നൂറ്റമ്പതും സേനാംഗങ്ങളാണുള്ളത്. നിലയ്ക്കല്‍, എരുമേലി, വടശ്ശേരിക്കര എന്നിവിടങ്ങളിലെ പൊലീസിന്റെ മേല്‍നോട്ടച്ചുമതല ഡി.ഐ.ജി. എസ്. സുരേന്ദ്രനാണ്. നിലയ്ക്കലില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി രാഹുല്‍ ആര്‍. നായര്‍, കെ.എല്‍. ജോണ്‍കുട്ടി എന്നിവരും അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസറായി കെ. ഹരിശ്ചന്ദ്രനായിക്കും ചുമതലയേറ്റു. ഏഴ് ഡിവൈ.എസ്പി.മാരും 12 സിഐ.മാരും പ്രത്യേക വനിതാ ബറ്റാലിയനും ഉള്‍പ്പെടുന്ന സേനാംഗങ്ങള്‍ 29 വരെയാണ് നിലയ്ക്കലില്‍ ഉണ്ടാവുക. മകരവിളക്ക് തീര്‍ത്ഥാടനത്തിന് പുതിയ സംഘം എത്തുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here