ലൈംഗികാരോപണം: പെണ്‍കുട്ടിയെ സംശയത്തിന്റെ നിഴലിലാക്കി, പി.കെ ശശിയെ പിന്തുണച്ച് പാര്‍ട്ടി അന്വേഷണകമ്മീഷന്‍

0
3

തിരുവനന്തപുരം: ലൈംഗികാരോപണ വിഷയത്തില്‍ കുറ്റാരോപിതനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെ പിന്തുണച്ച് സിപിഎം. അതേസമയം ആരോപണമുന്നയിച്ച പെണ്‍കുട്ടിയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ശശിക്കെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തായി. റിപ്പോര്‍ട്ടില്‍ പൂര്‍ണമായും പി.കെ ശശിയെ പിന്തുണക്കുന്ന നിലപാടാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റേത്.

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി ഡിവൈഎഫ്ഐ വനിതാ നേതാവിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശശി അപമര്യാദയായി പെരുമാറിയതിന് ദൃക്സാക്ഷികളില്ല. തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി അപമര്യാദയായി പെരുമാറുമെന്ന് കരുതാനാകില്ല. ശശിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പരാതിയെന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിച്ചിരിക്കുന്നു. ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരാതിക്കാരിക്ക് ശശി പണം നല്‍കിയതില്‍ തെറ്റില്ല. യുവതി പരാതി സ്വയം നല്‍കിയതാണെന്ന് കരുതാനാകില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണം. ജില്ലാ സമ്മേളന സമയത്ത് പെണ്‍കുട്ടി ഉത്സാഹവതിയായി കാണപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദം തള്ളാതെയാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്.

അതേസമയം, ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം എല്‍ എ പി കെ ശശിയെ വെള്ള പൂശിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പി കെ ശ്രീമതി. ശശി തെറ്റുകാരനെന്ന് കണ്ടെത്തിയതിനാലാണ് നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരില്ലെന്നും ഇപ്പോള്‍ പുറത്ത് വരുന്നത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

2107 ഡിസംബറില്‍ സിപിഎം മണ്ണാര്‍ക്കാട് എരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പി കെ ശശി മോശമായി സംസാരിച്ചു, പെരുമാറി എന്നതായിരുന്നു യുവതിയുടെ പരാതി. എ കെ ബാലനും പി കെ ശ്രീമതിയും അടങ്ങുന്ന പാര്‍ട്ടി കമ്മീഷന്‍ പരാതി ഖണ്ഡിക്കുന്നത് ഇങ്ങനെ: പരാതിയില്‍ പറഞ്ഞ സമയം പകല്‍ 11 മണി. തിരക്കേറിയ ഓഫീസ് , ഈ സമയത്ത് പരാതിയില്‍ പറഞ്ഞ രീതിയിലുള്ള പെരുമാറ്റത്തിന് സാധ്യതയില്ല. സംഭവത്തിന് ഒരു ദൃക്‌സാക്ഷിയും ഇല്ല. പരാതിയില്‍ യുവതി പറഞ്ഞ ദിവസം കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത് എന്നുള്ളത് ശശിക്കുള്ള മറ്റൊരു ആനുകൂല്യമായി കമ്മീഷന്‍ നിരത്തുന്നു.

യുവതി മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറിക്കോ ജില്ലാ സെക്രട്ടറിക്കോ പരാതി നല്‍കിയില്ല. യുവതിക്ക് പി കെ ശശി 5,000 രൂപ നല്‍കിയത് റെഡ് വളണ്ടിയര്‍ മാര്‍ച്ചിനുള്ള യൂണിഫോം വാങ്ങാനാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. അതേ സമയം, യുവതിയോട് പ്രത്യേക ഇഷ്ടമുണ്ടെന്ന രീതിയില്‍ അടക്കം ഫോണിലൂടെ മോശമായി സംസാരിച്ചു എന്ന് കമ്മീഷന്‍ കണ്ടെത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്

അതേസമയം, സ്വമേധയാ പെണ്‍കുട്ടി പരാതി നല്‍കി എന്ന് കരുതാനാകുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ശശി നല്‍കിയ പരാതി അടക്കം പാര്‍ട്ടി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്. ശശിക്കെതിരായ നടപടിയില്‍ അതൃപ്തിയുള്ള യുവതി വീണ്ടും പാര്‍ട്ടിയെ സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here