തുടരെയുള്ള തോല്‍വികള്‍: ഡേവിഡ് ജെയിംസ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകസ്ഥാനം ഒഴിഞ്ഞു

0
17

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ ഡേവിഡ് ജെയിംസും സ്ഥാനമൊഴിഞ്ഞു. ഡേവിഡ് ജെയിംസും ടീം മാനേജ്മെന്റും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

സീസണിലെ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഹെഡ് കോച്ചിനെ മാറ്റണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ശക്തമായിരുന്നു. അഞ്ചാം സീസണില്‍ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. ആദ്യ മത്സരത്തില്‍ ജയിച്ച ടീം പിന്നീടുള്ള പതിനൊന്ന് മത്സരങ്ങളായി ജയമെന്തെന്നറിഞ്ഞിട്ടില്ല.

ഞായറാഴ്ച നടന്ന മുംബൈ സിറ്റിയ്ക്കെതിരായ മത്സരത്തില്‍ 6-1നാണ് കേരള ടീം തകര്‍ന്നടിഞ്ഞത്. സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് ഒരു ജയവും അഞ്ചു തോല്‍വിയും ആറു സമനിലയുമായി ഒമ്പത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. ക്ലബ്ബിന്റെ പ്ലേ ഓഫ് സാധ്യതകളും അസ്തമിച്ചു.

കേരള ബ്ലാസ്റ്റേഴ്സില്‍ ഡേവിഡ് ജെയിംസിനിത് രണ്ടാമൂഴമായിരുന്നു. 2014ല്‍ ക്ലബ്ബ് നിലവില്‍ വന്നപ്പോഴും ഈ മുന്‍ ഇംഗ്ലീഷ് താരമായിരുന്നു ഹെഡ് കോച്ച്. എന്നാല്‍ ആദ്യ സീസണു ശേഷം അദ്ദേഹം മടങ്ങിവന്നില്ല.

ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതിരുന്ന നാലാം സീസണിന്റെ പകുതിയ്ക്ക് വെച്ചാണ് റെനെ മൂല്യന്‍സ്റ്റീനു പകരം ഡേവിഡ് ജെയിംസ് ക്ലബ്ബിലേക്ക് തിരിച്ചുവന്നത്.

ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും കേരളാ ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി അറിയിച്ചു. ടീമംഗങ്ങള്‍ക്കും മാനേജ്മെന്റിനും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഡേവിഡ് ജെയിംസ് വിടവാങ്ങുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here