സന്ദര്‍ഭത്തിനനുസരിച്ച് സര്‍ക്കാര്‍ സന്മനസ്സ് കാണിക്കണം

0
15

വരാനിരിക്കുന്ന വേനല്‍ക്കാലം നിരവധിപേരെ കണ്ണീരുകുടിപ്പിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പുകള്‍. അധികാരിവര്‍ഗത്തെ ഇപ്പോള്‍ തന്നെ കണ്ണുതുറപ്പിക്കേണ്ട മുന്നറിയിപ്പാണ് ഇത് എന്നതില്‍ സംശയമില്ല. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുപോലുള്ള ഒരു കാര്യമല്ലിത്. അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി മലയിറങ്ങിവരേണ്ടതുണ്ട്.

വറ്റിവരണ്ട തോടുകളിലും നീരൊഴുക്ക് നിലച്ച നദികളിലും മണല്‍ച്ചാക്ക് അടുക്കിവയ്ക്കാനും വേനല്‍ക്കാലം ആരംഭിക്കുമ്പോള്‍ തന്നെ കുടങ്ങളുമായി കുടിവെള്ളത്തിന് കിലോമീറ്റര്‍ താണ്ടുന്നവരെ വിളിച്ചുവരുത്തി മഴക്കുഴികള്‍ നിര്‍മിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കാനുമല്ല ആ ഇറക്കം. വരാനിരിക്കുന്ന വേനല്‍ക്കാലത്തെ സംബന്ധിച്ച് ഉത്തരവാദപ്പെട്ടവര്‍ നല്‍കിയ മുന്നറിയിപ്പ് കേട്ട് കേന്ദ്രസഹായം തേടാന്‍ വേണ്ടിയോ ഗള്‍ഫിലേക്കു പറക്കാന്‍ വേണ്ടിയോ അല്ല.മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഒന്നുംതന്നെ ഈ കാര്യത്തില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ ജലലഭ്യത ഉറപ്പുവരുത്താനുതകുന്നതല്ല.

ജനരോഷം മറികടക്കുന്നതിനായി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാറാണു പതിവ്. പൊതുപണം അപഹരിക്കുന്നവര്‍ക്ക് ഈ ഓട്ടയടവ് ഉപകാരപ്പെടുമെന്നു മാത്രം. അതുകൊണ്ടുതന്നെ ഈ പാഴ്വേല അവസാനിപ്പിക്കാന്‍ സമയമായി.വാര്‍ഷിക ബജറ്റുകളില്‍ പാലങ്ങള്‍ നിര്‍മിക്കുന്നതിന് കോടികള്‍ വകയിരുത്താറുണ്ടല്ലോ ഇവിടെ. പൊതുമരാമത്ത് വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും സംയുക്ത സംരംഭങ്ങളായി നദികള്‍ക്കു കുറുകെ നിര്‍മിക്കപ്പെടുന്ന പാലങ്ങളില്‍ ചിലതെങ്കിലും നിശ്ചിത അകലത്തില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് അഥവാ തടയണയോടു കൂടിയ പാലങ്ങളാക്കി മാറ്റേണ്ടതുണ്ട്. എങ്കില്‍ അത് ഇവിടത്തെ 44 നദികളിലെയും വെള്ളം ശേഖരിച്ചുനിര്‍ത്താനും അതുവഴി സംസ്ഥാനത്തെ വരള്‍ച്ചയില്‍ നിന്നു മുക്തമാക്കാനും ഉപകരിക്കും.

ഇതിന് ഏറ്റവും നല്ല മാതൃകയാണ് തമിഴ്നാട്. മുല്ലപ്പെരിയാറിലെ വെള്ളം അണക്കെട്ടില്‍ ശേഖരിച്ച് നാലു ജില്ലകളിലെ കര്‍ഷകര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തുന്ന തമിഴ്നാട് സര്‍ക്കാരിന്റെ നടപടി കേരള സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അവിടെ ചെന്നു കണ്ടു പഠിക്കേണ്ടതുണ്ട്. വേനല്‍ക്കാലാവസാനത്തില്‍ വറ്റിവരളുന്ന നദികളും ചെറുപുഴകളും കണക്കറ്റ തോടുകളും ഓരോ മഴക്കാലത്തും നിറഞ്ഞുകവിഞ്ഞ് ഒഴുക്കിക്കളയുന്ന വെള്ളത്തിനു കണക്കില്ല. ഒരുകാര്യം കൂടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ജലശേഖരണത്തിനായി കണ്ടെത്തിയ മഴക്കുഴി നിര്‍മാണം അഥവാ റീചാര്‍ജിങ് ജലക്ഷാമം പരിഹരിക്കാന്‍ ഉപയുക്തമല്ല. എണ്ണമറ്റ കുഴികള്‍ ഭൂമിയിലുണ്ടാക്കി വര്‍ഷകാലത്ത് ജലം ശേഖരിച്ചാല്‍ വേനല്‍ക്കാലത്തെ ഉപയോഗത്തിന് അതു മതിയാവുമെന്നാണു സര്‍ക്കാര്‍ പഠിപ്പിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ലക്ഷത്തിലേറെ മഴക്കുഴികള്‍ നിര്‍മിച്ചുകഴിഞ്ഞു. ഇനിയും ഒരുപാട് നിര്‍മിക്കാനിരിക്കുന്നു. വന്‍കിട തോട്ടങ്ങളില്‍ മഴക്കുഴികള്‍ നിര്‍മിച്ചാല്‍ മേല്‍മണ്ണിന്റെ ഈര്‍പ്പം ഏതാനും മാസങ്ങള്‍കൂടി നിലനിര്‍ത്താന്‍ ഉപകരിക്കുമെന്നല്ലാതെ ജലക്ഷാമത്തിന് അവ പരിഹാരമാവില്ല എന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധ കര്‍ഷകരും അഭിപ്രായപ്പെടുന്നുണ്ട്.ചുരുക്കത്തില്‍ ജലക്ഷാമം പരിഹരിക്കാനായി ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന ചൊട്ടുവിദ്യകള്‍ ഒന്നും മതിയാവുകയില്ല. അതിന് അതിന്റേതായ മാര്‍ഗം തന്നെ സ്വീകരിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന വേനല്‍ക്കാലത്തിന്റെ ഗൗരവം മനസ്സിലാക്കി സന്ദര്‍ഭത്തിനൊത്തുയരാന്‍ സര്‍ക്കാര്‍ സന്മനസ്സ് കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here