കോതമംഗലം പള്ളിത്തര്‍ക്കം: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; മുന്‍സിഫ് കോടതി ഉത്തരവ് നടപ്പാക്കണം

0
14

കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ അധികാരത്തര്‍ക്കം നിലവിലുള്ള കോതമംഗലം പള്ളിക്കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓര്‍ത്തഡോക്സുകാരോട് പള്ളിയില്‍ കയറരുതെന്ന് പറഞ്ഞത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഓര്‍ത്തഡോക്സ് സഭാ വികാരിക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു. പ്രാര്‍ത്ഥനയ്ക്ക് സൗകര്യം നല്‍കാനുള്ള മുന്‍സിഫ് കോടതി ഉത്തരവ് നടപ്പിലാക്കണമെന്നും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള നടപടി വേണമെന്നും കോടതി വ്യക്തമാക്കി.

കോതമംഗലം ചെറിയ പള്ളിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി മുന്‍സിഫ് കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് പൊലീസിന് നേരെ ഹെക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്. ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ അതിന് മുതിരരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

മുന്‍സിഫ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പൊലീസിന് നേരെ വിമര്‍ശനമുന്നയിച്ചത്. മുന്‍സിഫ് കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ അത് നടപ്പാക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്തമെന്നും അല്ലാതെ അനുകൂല വിധി ലഭിച്ചവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയല്ലെന്നും കോടതി വിമര്‍ശിച്ചു. യാക്കോബായ സഭ കൊടുത്ത ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

ഇതോടെ പള്ളിതര്‍ക്കം പുതിയ തലത്തിലെത്തുകയാണ്. പിറവം പള്ളി കേസിലും അതിനിര്‍ണ്ണായകമാണ് ഈ വിധി. സര്‍ക്കാരിന് ഏറെ വെല്ലുവിളിയാണ് ഈ വിധി. എന്തു വന്നാലും പള്ളി ഓര്‍ത്തഡോക്സ് പക്ഷത്തിന് വിട്ടു കൊടുക്കില്ലെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. പിറവം പള്ളിയില്‍ കോടതി വിധി നടപ്പാക്കാനെത്തിയപ്പോള്‍ നാടകീയ സംഭവങ്ങളുണ്ടായി. യാക്കോബായക്കാര്‍ ആത്മഹത്യയ്ക്ക് പോലും മുതിര്‍ന്നു. ഇതോടെ പൊലീസ് പിന്മാറുകയായിരുന്നു. കോതമംഗലം പള്ളിയിലും വിധി നടപ്പാക്കാനുള്ള ശ്രമത്തെ വിശ്വാസികള്‍ ചെറുത്തിരുന്നു. ഇതു മൂലം ഓര്‍ത്തഡോക്സ് സഭാ വികാരിക്ക് തിരിച്ചു പോകേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന മുന്‍സിഫ് കോടതി നിര്‍ദ്ദേശം റദ്ദ് ചെയ്യണമെന്ന യാക്കോബായ സഭയുടെ ഹര്‍ജിയില്‍ പൊലീസ് ക്രമസമാധാന പ്രശ്നം കോടതിക്ക് മുമ്പിലുയര്‍ത്തിയത്. ഇത് കോടതി തള്ളി. ഇതോടെ വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയുമായി. വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്താനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here