ആനക്കലി: ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് പത്തോളം പാപ്പാന്‍മാര്‍; മദപ്പാടുള്ള കാലത്ത് വിശ്രമം നല്‍കാത്തത് ദുരന്തകാരണം

0
9

തൃശൂര്‍: ഉത്സവ എഴുന്നള്ളിപ്പുകള്‍ക്കിടെ ഇടയുന്ന കൊമ്പന്‍മാരുടെ ആക്രമണത്തിന് പാപ്പാന്‍മാര്‍ ഇരയാകുന്നത് പതിവായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തോളം പാപ്പാന്‍മാരാണ് ആനക്കലിക്ക് ഇരയായി മരിച്ചത്. നിരവധി പാപ്പാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മദപ്പാടില്‍ എഴുന്നള്ളിക്കുന്നത് മൂലമാണ് മിക്കപ്പോഴും ആനകള്‍ ഇടയുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് കൊമ്പന്‍മാര്‍ക്ക് മദപ്പാടുണ്ടാകുന്നത്. ഈ സമയത്ത് ആനകള്‍ക്ക് വിശ്രമം അനിവാര്യമാണ്. എന്നാല്‍ ഈ കാലയളവിലാണ് കേരളത്തിലെ ഉത്സവസീസണ്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 372 ആനകളാണ് ഇടഞ്ഞോടി നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിയത്. മിക്കയിടത്തും പാപ്പാന്‍മാര്‍ക്ക് നേരെയായിരുന്നു കൊമ്പന്‍മാരുടെ പരാക്രമം.

മദപ്പാടുള്ള ആനകള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വെറ്റിറിനറി സര്‍ജന്‍മാരും വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരും നിര്‍ബന്ധിതരാകുന്നതായും ആരോപണമുണ്ട്.
സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ആനകളെ വാങ്ങുന്നതിനും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്നതിനും നിയമം തടസ്സമാണ്.
നാട്ടാനകളുടെ എണ്ണം കുറയുമ്പോഴും സംസ്ഥാനത്ത് ഉത്സവങ്ങളടക്കമുള്ള ആഘോഷങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് കൂടി വരികയാണ്. വിശ്രമമില്ലാതെയുള്ള എഴുന്നള്ളിപ്പും മറ്റും മൂലം രോഗങ്ങള്‍ ബാധിച്ച് അവശനിലയിലാകുന്ന കൊമ്പന്‍മാരുടെ എണ്ണവും കൂടി വരികയാണ്. നിരവധി കൊമ്പന്‍മാരാണ് പരിക്കുകളും രോഗങ്ങളും ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 33 നാട്ടാനകളാണ് ചരിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here